യു.എ.ഇയിലെത്തുന്ന ടൂറിസ്റ്റുകൾക്ക്​ വാറ്റ്​ റീഫണ്ടിന്​ ആപ്പ്​

ഫെഡറൽ ടാക്സ്​ അതോറിറ്റിയാണ്​ ഇതിന്​ രൂപം നൽകിയത്​.

Update: 2023-10-19 18:43 GMT
Advertising

ദുബൈ: യു.എ.ഇയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക്​ മൂല്യവർധിത നികുതി റീഫണ്ടു ചെയ്യാൻ പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ. ഫെഡറൽ ടാക്സ്​ അതോറിറ്റിയാണ്​ ഇതിന്​ രൂപം നൽകിയത്​. ദുബൈ വേൾഡ്ട്രേഡ്​ സെന്‍ററിൽ നടക്കുന്ന സാ​ങ്കേതിക വിദ്യ പ്രദർശനമായ ജൈറ്റെക്സിലാണ്​ പുതിയ ആപ്പ്​ എഫ്​.ടി.എ അവതരിപ്പിച്ചത്​. 

സന്ദർശനത്തിനിടെ രാജ്യത്തെ വിവിധ ഷോപ്പുകളിൽ നിന്ന്​ വാങ്ങിയ സാധനങ്ങളുടെ പ്രിന്‍റഡ്​ ബില്ലുകൾ കയ്യിൽ കരുതേണ്ടതില്ലെന്നതാണ്​ ഇതിന്‍റെ പ്രത്യേകത. എഫ്​.ടി.എയുടെ സേവന ദാതാക്കളായ പ്ലാനറ്റ്​ മുഖേന സന്ദർശകർക്ക്​ പുതിയ ആപ്പ്​ ഡൗൺലോഡ്​ ചെയ്യാം. രാജ്യത്തെ ഏതെങ്കിലും ഷോപ്പുകളിൽ നിന്ന്​ സാധനങ്ങൾ വാങ്ങുമ്പോൾ വ്യാപാരികൾ ഇൻവോയ്​സ്​ സ്കാൻ ചെയ്യുകയും ഇത്​ ആപ്പിൽ റെകോർഡ്​ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഉപഭോക്​താവ്​ നടത്തുന്ന ഓരോ ഇടപാടുകളുടെയും ഇൻവോയ്​സുകൾ ആപ്പിൽ രേഖപ്പെടുത്തും. തുടർന്ന്​ ഇയാൾ രാജ്യം വിടുമ്പോൾ വിമാനത്താവളങ്ങളിലെ നിശ്ചിത കൗണ്ടറുകളിൽ ആപ്പിലെ ഡിജിറ്റൽ ഇൻവോയ്​സ്​ വിവരങ്ങൾ കാണിച്ചാൽ ക്രഡിറ്റ്​ കാർഡുകളിൽ വാറ്റ്​ തുക റീഫണ്ട്​ ചെയ്യും. നടപടി ഏറ്റവും ലളിതമാണെന്ന്​​ എഫ്​.ടി.എയുടെ നികുതി ദായകരുടെ സേവന വകുപ്പ്​ ഡയക്ടർ സഹ്​റ അൽ ദമാനി പറഞ്ഞു.

2018ൽ ആണ്​ യു.എ.ഇയിൽ ഉത്​പന്നങ്ങൾക്ക്​ വാറ്റ്​ നികുതി പ്രഖ്യാപിച്ചത്​. എന്നാൽ, ടൂറിസ്റ്റുകൾക്ക്​ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, മറ്റ്​ അതിർത്തി ചെക്​പോസ്റ്റുകൾ എന്നിവിടങ്ങളിലെ നിശ്ചിത കൗണ്ടറുകളിൽ ബില്ലുകൾ നൽകി വാറ്റ്​ റീഫണ്ട്​ ചെയ്യാൻ അവസരം നൽകിയിരുന്നു. കൗണ്ടറുകളിൽ നീണ്ട നേരം ക്യൂ നിന്നാണ്​ ഇത്​ സാധ്യമായിരുന്നത്​. ഡിജിറ്റൽ ആപ്പ്​ വരുന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാകും. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News