ബഹ്റൈനിൽ പതിനഞ്ച് വാറ്റ് നിയമലംഘനങ്ങൾക്ക് കൂടി കേസ് ചുമത്തി
Update: 2022-01-11 14:35 GMT
ബഹ്റൈനിൽ പതിനഞ്ച് വാറ്റ് നിയമലംഘനങ്ങൾക്ക് കൂടി കേസ് ചുമത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെയും നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) വി ലെയും ഉദ്യോഗസ്ഥർ രാജ്യത്തുടനീളം മൊത്തം 26 വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു.
അതിനിടെ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും വാറ്റ് സമ്പ്രദായം ശരിയായ രൂപത്തിൽ നടപ്പിൽ വരുത്തുന്നതിനും സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികളെ കുറിച്ച് ബഹ്റൈൻ മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. വാറ്റ് 10 ശതമാനമാക്കി വർധിപ്പിച്ച സാഹചര്യത്തിൽ അവ കൃത്യമായി സ്ഥാപനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് കൂടുതൽ പരിശോധന വേണമെന്നും കാബിനറ്റ് യോഗത്തിൽ ആവശ്യമുയർന്നു.