ബിരുദം അനിവാര്യമല്ലാത്ത തൊഴിൽ മേഖലകളിൽ സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് പാർലമെന്റംഗങ്ങൾ.
നിർദേശം നടപ്പിലായാൽ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം തസ്തികകളിൽ സ്വദേശികളെ നിയമിക്കും


മനാമ: ബിരുദം നിർബന്ധമല്ലാത്ത പൊതു-സ്വകാര്യ തൊഴിൽ മേഖലകളിൽ ബഹ്റൈൻ സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന
നിർദേശവുമായി എം.പിമാർ. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം തസ്തികകളിലുള്ള വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കണമെന്ന നിർദേശമാണ് പാർലമെന്റംഗങ്ങൾ മുന്നോട്ടുവെച്ചത്.
എല്ലാ സ്ഥാപനങ്ങളിലെയും ഇത്തരം തസ്തികകളിലെ വിദേശ തൊഴിലാളികളുടെ സാന്നിധ്യം കണ്ടെത്തണമെന്നും ഗവർൺമെന്റിനോട് എം.പിമാർ ആവശ്യപ്പെട്ടു. രാജ്യത്തെ തൊഴിൽനിരക്ക് വർധിപ്പിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഇത് അനിവാര്യമാണെന്നാണ് എം.പിമാരുടെ വാദം. എന്നാൽ, 2010ലെ സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരം ഇത്തരം മേഖലകളിൽ സ്വദേശികൾക്ക് മുൻഗണന ഉറപ്പുവരുത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
കൂടാതെ വിദേശികളുടെ തൊഴിൽ കോൺട്രാക്ട് പുതുക്കുന്നതിന് മുമ്പ് യോഗ്യരായ സ്വദേശികളുണ്ടോയെന്ന് പരിശോധിക്കാറുണ്ടെന്നും അത്തരം യോഗ്യതയുള്ളവരെ കിട്ടാത്ത സാഹചര്യത്തിൽ മാത്രമാണ് വിദേശ തൊഴിലാളികളെ നിയമിക്കാറുള്ളതെന്നും അധികാരികൾ പറയുന്നു.
രാജ്യത്തെ തൊഴിലില്ലായ്മ നിയന്ത്രിക്കുന്നതിനും സ്വദേശികളായ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമുള്ള നിർദേശമെന്ന നിലയിൽ ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂനിയൻസും ബഹ്റൈൻ ഫ്രീ ലേബർ യൂനിയൻസ് ഫെഡറേഷനും ഈ നിർദേശത്തെ അംഗീകരിച്ചിട്ടുണ്ട്. ബഹ്റൈൻ ചേംബർ ശരിവെച്ച നിർദേശം പാർലമെന്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.