ബഹറൈനിൽ പ്രവാസി സത്രീകളുടെ പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്തു തുടങ്ങി
ഗവൺമെന്റ് ആശുപത്രികളിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി
മനാമ: ബഹറൈനിലെ ഗവൺമെന്റ് ആശുപത്രികളിൽനിന്ന് പ്രവാസി സ്ത്രീകളുടെ പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്തു തുടങ്ങി. ഗവൺമെന്റ് ആശുപത്രികളിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി. ഗൗരവതരമായ പ്രശ്‌നങ്ങളില്ലാത്ത പ്രസവം ഇനി സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാനാണ് അധികൃതരുടെ തീരുമാനം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പ്രവാസി വനിതകളുടെ പ്രസവം റഫർ ചെയ്യുന്നത് വഴി ഗവൺമെന്റ് ആശുപത്രികളിലെ തിരക്ക് കുറക്കാൻ സാധിക്കുമെന്നാണു ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പരിഷകാരത്തിന്റെ ഭാഗമായി സൽമാനിയ മെഡിക്കൽ കോളജ് അടക്കമുള്ള പൊതുമേഖലാ ആശുപത്രികളിൽ നിന്ന് പ്രവാസി വനിതകളുടെ പ്രസവം സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയതു തുടങ്ങി. ഇതോടെ സ്വകാര്യ ആശുപത്രികളിൽ തിരക്കേറി. സാധാരണ പ്രസവത്തിന് 150 ദിനാറായിരുന്നു സൽമാനിയ മെഡിക്കൽ കോംപ്ലകസിൽ ഈടാക്കിയിരുന്ന ഫീസ്. സ്വകാര്യ ആശുപത്രികളിലേക്ക് മാറുന്നതോടെ പ്രസവത്തിനായുള്ള ചെലവ് വർധിക്കും. സിസേറിയനാകുമ്പോൾ ചെലവാകുന്ന തുകയിൽ വൻ വർധനവുണ്ടാകും. പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത് വഴി രോഗികളുടെ പരിചരണത്തിന്റെയും സേവനങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കുവാൻ കഴിയുമെന്നാണു ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ലോ റിസ്‌ക് കാറ്റഗറിയിലുള്ള പ്രസവക്കേസുകൾ ഇങ്ങിനെ റഫർ ചെയ്യുന്നതിനായി പ്രത്യേക മാനദണ്ഡങ്ങൾ ആരോഗ്യമന്ത്രാലയം ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നത് കൊണ്ട് ആർക്കും വൈദ്യസഹായം ലഭിക്കുന്നതിൽ കുറവുണ്ടാകില്ലെന്നും രാജ്യത്ത് ആവശ്യത്തിന് സ്വകാര്യ ആശുപത്രികളുണ്ടെന്നതിനാൽ എല്ലാവർക്കും ശരിയായ വൈദ്യസഹായം ഉറപ്പാക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.