2.2 ബില്യൺ ഡോളറിന്റെ പങ്കാളിത്ത കരാറുകളിൽ ഒപ്പുവച്ച് ബഹ്റൈൻ

ബഹ്‌റൈനിലെ വ്യവസായ, വാണിജ്യ മന്ത്രാലയവും യു.എ.ഇ വ്യവസായ മന്ത്രാലയവും തമ്മിൽ പ്രാദേശിക സഹകരണം സംബന്ധിച്ച ധാരണാപത്രവും ഒപ്പുവച്ചു.

Update: 2024-01-14 17:59 GMT
Advertising

മനാമ: സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകരാൻ 2.2 ബില്യൺ ഡോളറിന്റെ പങ്കാളിത്ത കരാറുകളിൽ ഒപ്പുവച്ച് ബഹ്റൈൻ. യു.എ.ഇ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായാണ് വ്യാപാരക്കരാർ ഒപ്പുവച്ചത്. സാമ്പത്തിക വളർച്ചയുടെ ഗതിവേഗം വർധിപ്പിക്കാൻ സഹായകരമായ വ്യാപാരക്കരാറുകൾ ഒപ്പുവച്ചതു വഴി പുതുതായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും സാധിക്കുമെന്നാണു അധിക്യതരുടെ വിലയിരുത്തൽ.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധാനം ചെയ്ത് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ചടങ്ങിൽ പങ്കെടുത്തു.

ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ, ജോർഡൻ വ്യവസായ, വ്യാപാര, വിതരണ മന്ത്രി യൂസുഫ് മഹ്മൂദ് അൽ ഷമാലി, ഈജിപ്ത് വ്യവസായ വാണിജ്യ മന്ത്രി അഹ്മദ് സമീർ സലേ, മൊറോക്കോ വ്യവസായ- വാണിജ്യ മന്ത്രി റിയാദ് മെസോർ എന്നിവരും സന്നിഹിതരായിരുന്നു. ബഹ്റൈനിലെ അൽബയും ജോർദാനിലെ മാനസീർ ഗ്രൂപ്പും 20 മില്യൺ ഡോളറിന്റെ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

പ്രതിവർഷം 13,000 ടൺ അലൂമിനിയം ഫ്ലൂറൈഡ് വിതരണം ചെയ്യാനുള്ള കരാറാണിത്. സിലിക്ക വിതരണത്തിനുള്ള കരാറിൽ ജോർദാൻ കമ്പനിയുമായി 66 മില്യൺ ഡോളറിന്റെ ധാരണാപത്രവും അൽബ ഒപ്പുവച്ചു. ബഹ്‌റൈൻ സ്റ്റീൽ, എമിറേറ്റ്‌സ് സ്റ്റീലുമായി രണ്ട് ബില്യൺ ഡോളറിന്റെ കരാറിനാണ് ധാരണയായത്. അഞ്ച് വർഷത്തിനുള്ളിൽ രണ്ട് മില്യൺ ടൺ അസംസ്‌കൃത വസ്തുക്കൾ എമിറേറ്റ്‌സ് സ്റ്റീൽ വാങ്ങും.

ബഹ്‌റൈനിലെ വ്യവസായ, വാണിജ്യ മന്ത്രാലയവും യു.എ.ഇ വ്യവസായ മന്ത്രാലയവും തമ്മിൽ പ്രാദേശിക സഹകരണം സംബന്ധിച്ച ധാരണാപത്രവും ഒപ്പുവച്ചു. സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അന്തർവ്യാപാരവും മത്സരശേഷിയും വർധിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യകളിലെ അനുഭവങ്ങൾ കൈമാറാനും കരാർ ഉപകരിക്കുമെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. മൊറാക്കോയും വ്യാപാരസഖ്യത്തിൽ ചേരും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News