ബഹ്റൈനും ഒമാനും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കും
പൊതു സമ്പത്ത് സംരക്ഷിക്കുന്നതിനും മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും പ്രവർത്തനങ്ങൾ അഴിമതി രഹിതമായി മുന്നോട്ടു പോകുന്നതിനും കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് ബഹ്റൈൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഓഡിറ്റ് സമിതിയുമായി ഇക്കാര്യത്തിൽ പൂർണാർഥത്തിൽ സഹകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
ബഹ്റൈനും ഒമാനും തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് കരാറുകളിൽ ഒപ്പുവെക്കാൻ കാബിനറ്റ് അനുമതി നൽകി. ബഹ്റൈനും അമേരിക്കയും തമ്മിൽ വിവിധ സഹകരണക്കരാറുകളിൽ ഒപ്പുവെക്കാനും തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുള്ള ലൈസൻസ് ഓൺലൈനിൽ അനുവദിക്കുന്നതിനും പുതുക്കുന്നതിനും അനുമതി നൽകി.
വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തതിന്റെ റിപ്പോർട്ടുകൾ മന്ത്രിമാർ സഭയിൽ അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭാ യോഗം.