കോവിഡ് നിയമ ലംഘനം: ബഹ്‌റൈനില്‍ പള്ളി അടച്ചിടാൻ ഉത്തരവ്
എല്ലാ ആരാധനാലയങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി
കോവിഡ് നിയമം ലംഘിച്ച രണ്ട് പള്ളികളിലൊന്ന് അടച്ചിടാൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം നിർദേശം നൽകി. ദക്ഷിണ മേഖല ഗവർണറേറ്റിലെ രണ്ട് പള്ളികളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. പൊതു സുരക്ഷയോടൊപ്പം ആരാധനക്കെത്തുന്നവരുടെ ആരോഗ്യം കൂടി സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പള്ളികളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയിപ്പ് നൽകിയിരുന്നു. ഇവ പാലിക്കുന്നതിന് എല്ലാ ആരാധനാലയങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ഒരാഴ്ചത്തേക്കാണ് പള്ളിയിൽ ആരാധനാ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ആവശ്യമായ ഒരുക്കങ്ങൾക്ക് ശേഷമേ പള്ളി തുറക്കുകളയുള്ളൂ. രണ്ട് പള്ളികളുടെയും ഉത്തരവാദപ്പെട്ടവർക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. പള്ളികളിൽ കയറുന്നവർ നിർബന്ധമായും ബിവെയർ ആപ്പിലെ ഗ്രീൻ അലർട്ട് കാണിക്കുക, ആരാധനാലയങ്ങളിൽ കയറുന്നതിന് മുമ്പ് തെർമൽ ചെക്കപ്പിന് വിധേയമാവുക. ആരാധനലായങ്ങളിൽ കഴിയുന്ന മുഴുവൻ സമയത്തും മാസ്ക് ധരിക്കുക. മാസ്കില്ലാതെ പള്ളിയിൽ കയറാൻ അനുവാദമുണ്ടായിരിക്കുന്നതല്ല.
നിർണിയിച്ചിട്ടുള്ള സാമൂഹിക അകലം പാലിക്കുക. നമസ്കാരത്തിനെത്തുന്നവർ പള്ളികളിൽ അനുവദിക്കപ്പെട്ട സമയത്തേക്കാൾ അധികം ചെലവഴിക്കാതിരിക്കുക. നമസ്കാരം കഴിഞ്ഞയുടൻ പള്ളികൾ അടക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നാണ് വ്യവസ്ഥ. എല്ലാ പള്ളികളും പ്രസ്തുത നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.