മയക്കുമരുന്ന് കേസുകളിൽ എട്ട് പേർ പിടിയിൽ
മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലായി എട്ട് ഏഷ്യൻ വംശജർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറിന് കീഴിലെ ആൻറി നാർക്കോട്ടിക് വിഭാഗം അറിയിച്ചു.
ഇവരിൽ നിന്ന് 64,500 ദിനാർ വില വരുന്ന മയക്കുമരുന്നുകൾ കണ്ടെടുത്തു. മയക്കുമരുന്ന് വിപണനം നടത്താനുദ്ദേശിച്ച് കൈവശം വെച്ച വിവരം കിട്ടിയ ഉടൻ അന്വേഷണം നടത്തുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു.
ഒന്നാമത്തെ കേസിൽ 27 നും 38 നും ഇടയിൽ പ്രായമുള്ള നാല് പ്രതികളാണ് പിടിയിലായത്. ഇവരിൽ നിന്നും 2500 ദിനാർ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസിൽ 32 നും 37 നും ഇടയിൽ പ്രായമുള്ള നാല് പേരാണ് പിടിയിലായത്. ഇവരിൽ നിന്നും 62,000 ദിനാർ വില വരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. പ്രതികളെ നിയമ നടപടികൾക്കായി റിമാൻറ് ചെയ്തിരിക്കുകയാണ്.