ബഹ്റൈനിലെ ജിദ്ഹഫ്സ് മാർക്കറ്റ് നവീകരിക്കുന്നു
ബഹ് റൈനിലെ ജിദ്ഹഫ്സ് മാർക്കറ്റ് നവീകരണ പദ്ധതിയുടെ വിശദ രൂപരേഖ പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫിന് പാർലമെന്റംഗം മഅ്സൂമ അബ്ദുറഹീം കൈമാറി.
വിവിധ പ്രദേശങ്ങളിലുള്ള മാർക്കറ്റുകൾ നവീകരിക്കുന്നതിന് സർക്കാർ പദ്ധതിയുള്ളതായി മന്ത്രി പറഞ്ഞു. വ്യാപാര മേഖലയിൽ വലിയ സ്ഥാനമാണ് ജിദ്ഹഫ്സ് മാർക്കറ്റിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2042 ചതുരശ്ര മീറ്ററിലാണ് പദ്ധതി സ്ഥാപിക്കുക. ഇതിനാവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വേളയിൽ താൽക്കാലിക മാർക്കറ്റ് ഏർപ്പെടുത്തുകയും ചെയ്യും. ഇതിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും മാർക്കറ്റിൽ വരുന്ന ഉപഭോക്താക്കൾക്കാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
സർക്കാരിന്‍റെയും വ്യാപാരികളുടെയും കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ബഹ്റൈന്റെ പാരമ്പര്യം വിളിച്ചോതുന്ന ശൈലിയിലുളള കെട്ടിടമാണ് മാർക്കറ്റിനായി പണിയുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.