ബഹ്റൈനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത് അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യാണ് ഇക്കാര്യം അറിയിച്ചത്.
മനാമ: ബഹ്റൈനിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത് 5,63,000 പ്രവാസികൾ. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റംഗം ജലാൽ കാദിമിന്‍റെ ചോദ്യത്തിന് മറുപടിയായാണ് എൽ.എം.ആർ.എ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക സുരക്ഷിതത്വം, സാമ്പത്തിക വളർച്ച എന്നിവ സാധ്യമാക്കുന്നതിന് തൊഴിലുമായി ബന്ധപ്പെട്ട മുഴുവൻ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മാന്യമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനൂം എൽ.എം.ആർ.എ നിർവഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ എം.പി പ്രശംസിച്ചു.
2022 ഡിസംബർ 12 ന്‍റെ കണക്ക് പ്രകാരം 5,63,723 പേരാണ് നിലവിൽ വിദേശ തൊഴിലാളികളായി രാജ്യത്തുള്ളത്. തൊഴിലിടങ്ങളിൽ പരിശോധന നടത്തി നിയമ വിരുദ്ധ തൊഴിലാളികളില്ലെന്ന് ഉറപ്പുവരുത്താനും എൽ.എം.ആർ.എ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഈ ശ്രമങ്ങളുടെ ഭാഗമായി റിപ്പോർട്ട് കാലയളവിൽ 3891 നിയമ വിരുദ്ധ വിദേശ തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. നിരന്തരമായ പരിശോധനകളിലൂടെ നിയമവിരുദ്ധ വിദേശ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുമെന്നും എൽ.എം.ആർ.എ വക്താവ് കൂട്ടിച്ചേർത്തു.