ബഹ്‌റൈനില്‍ വീട്ടുജോലിക്കാരെ ഒളിച്ചോടാൻ സഹായിക്കുന്ന മാഫിയ പ്രവർത്തിക്കുന്നുവെന്ന്
വീട്ടു ജോലിക്കാരെ ഒളിച്ചോടാൻ സഹായിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് പാർലമെന്‍റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. വീട്ടുവേലക്കാർ ഒളിച്ചോടുന്നത് വളരെയധികം വർധിച്ച സാഹചര്യത്തിൽ ഇതിന് പരിഹാരം കാണേണ്ടത് അനിവാര്യമാണ്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ എടുക്കുന്ന നടപടികൾക്ക് വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നും വിമർശനം.
ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇതു മൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ട്. 4000 ത്തോളം കേസുകളാണ് വീട്ടുവേലക്കാരുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പാർലമെന്‍റംഗം അബ്ദുല്ല അദ്ദവാദി പറഞ്ഞു. വിദേശങ്ങളിൽ നിന്നും ജോലിക്കായി എത്തിക്കുന്ന വീട്ടുവേലക്കാർക്ക് നിയമ ബോധവൽക്കരണം അനിവാര്യമാണ്.
തൊഴിലിലുണ്ടാകുന്ന മടുപ്പ് കാരണം കരാർ കാലാവധി കഴിയുന്നതിന് മുന്നേ തന്നെ തങ്ങളുടെ എംബസിയിൽ ഇവർ അഭയം തേടുകയും മടക്ക യാത്രക്കുള്ള ടിക്കറ്റടക്കമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതായും വരുന്നു. ഇതിനായി ചില സന്ദർഭങ്ങളിൽ വലിയ സംഖ്യയാണ് വേണ്ടി വരുന്നത്. കൂടാതെ പുതിയ ജോലിക്കാരിക്ക് വേണ്ടിയും സമാന ചെലവ് വേണ്ടിവരുന്നുണ്ട്. ചില നാടുകളിൽ നിന്നും വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിന് 2000 ദിനാർ വരെ ചിലവ് വരുന്നുണ്ടെന്ന് പാർലമെന്‍റംഗം ബാസിം അൽ മാലികി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3400 വീട്ടു വേലക്കാരാണ് റൺ എവേ ആയത്.