ബഹ്റൈനും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമെന്ന് കിരീടാവകാശി
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ മേഖലകളിലെ സഹകരണവും മികച്ചതാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി.
ബഹ്റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കൂടുതൽ സഹകരിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ആരാഞ്ഞു.
ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ അംബാസഡർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനിലെ സേവന കാലം ധാരാളം അനുഭവങ്ങളും ഓർമകളും തന്നിൽ നിറച്ചതായി അംബാസഡർ വ്യക്തമാക്കി.
ഭാവി ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതാകട്ടെയെന്ന് കിരീടാവകാശി ആശംസിക്കുകയും ചെയ്തു. തനിക്ക് നൽകിയ പിന്തുണക്കും സഹായത്തിനും രാജ്യത്തെ ഭരണാധികാരികൾക്ക് അംബാസഡർ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.