അംഗീകാരമില്ലാതെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച സംഭവം: പ്രതികൾ പിടിയിൽ
ഉപയോഗ ശൂന്യമായതും കാലാവധി കഴിഞ്ഞതുമായ വസ്തുക്കളാണ് ഇവിടെ നിന്നും പിടികൂടിയത്
അംഗീകാരമില്ലാതെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച സംഭവത്തിലുൾപ്പെട്ട പ്രതികൾ ബഹ്റൈനിൽ പിടിയിലായി. മൂന്ന് പേർ ചേർന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ലൈസൻസില്ലാതെ വാണിജ്യ സ്ഥാപനം നടത്തിയിരുന്നത്. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിന്റെ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തത്.
ഒരു സ്വദേശിയും രണ്ട് ഏഷ്യക്കാരും ചേർന്നാണ് സ്ഥാപനം നടത്തിയിരുന്നത്. ഇതിലൊരാൾ ഒളിവിലാണ്. ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുകയും റീപാക്ക് ചെയ്ത് വിൽപന നടത്തുകയും ചെയ്തിരുന്നതായാണ് വ്യക്തമായത്. ഉപയോഗ ശൂന്യമായതും കാലാവധി കഴിഞ്ഞതുമായ വസ്തുക്കളാണ് ഇവിടെ നിന്നും പിടികൂടിയിരുന്നത്.
കൂടാതെ ഉൽപന്നങ്ങളുടെ സ്റ്റിക്കറുകളിലും വ്യാപാര സ്ഥാപനത്തിന്റെ പേരിലും കൃത്രിമം നടത്തിയിട്ടുണ്ട്. സ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിടുകയും പ്രതികളെ നിയമ നടപടികൾക്കായി റിമാന്‍റ് ചെയ്ത് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തു.