പ്രവാസികൾക്ക് തിരിച്ചടി; സൗദിയിലേക്ക് എത്യോപ്യ വഴിയുള്ള യാത്ര മുടങ്ങി
എത്യോപ്യയിൽ ഓൺഅറൈവൽ വിസ നിർത്തി
എത്യോപ്യ വഴി സൗദിയിലേക്ക് പുറപ്പെട്ട മലയാളികളുടെ യാത്ര മുടങ്ങി. ഓൺഅറൈവൽ വിസ എത്യോപ്യ നിർത്തിവച്ചതോടെയാണ് മലയാളികളുടെ യാത്ര മുടങ്ങിയത്. ഇതോടെ എത്യോപ്യ വഴി സൗദിയിലെത്താനുള്ള സാധ്യതയും താൽക്കാലികമായി അടഞ്ഞു.
ഇന്ന് അതിരാവിലെ കരിപ്പൂരിൽനിന്നുള്ള വിമാനത്തിൽ ഒമാൻ വഴി എത്യോപ്യയിലേക്ക് പോകേണ്ട വിമാനമാണ് റദ്ദായത്. ഓൺഅറൈവൽ വിസ ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിമാനം റദ്ദായത്. എത്യോപ്യയിൽ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഓൺഅറൈവൽ വിസ നിർത്തിയെന്നാണ് ട്രാവൽ ഏജൻസികൾക്കു ലഭിച്ച വിവരം. ലക്ഷത്തിലേറെ രൂപ മുടക്കി യാത്ര തുടങ്ങാനിരുന്നവർക്ക് വിമാനം പുറപ്പെടാതിരുന്നതിനാൽ പണം നഷ്ടമായില്ല.
എത്യോപ്യയിൽനിന്ന് ഒമാൻ വഴി മണിക്കൂറുകൾ വിമാനത്തിൽ സഞ്ചരിച്ചു വേണം സൗദിയിലെത്താൻ. എത്ര ദിവസങ്ങൾക്കുശേഷം സ്ഥിതി പഴയ നിലയിലാവുമെന്നത് വ്യക്തമല്ല. നിലവിലെ സാഹചര്യത്തിൽ മറ്റ് വഴികളില്ലാത്തതിനാലാണ് പ്രവാസികൾ വിദേശരാജ്യങ്ങളെ ആശ്രയിച്ച് യാത്രയ്‌ക്കൊരുങ്ങുന്നത്. ഇതര രാജ്യങ്ങൾ വഴിയും പ്രവാസികൾ യാത്ര നടത്തുന്നുണ്ടെങ്കിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഏതു സമയവും ചാർട്ടർ വിമാനങ്ങൾക്കുള്ള അനുമതി റദ്ദാകുന്ന സാഹചര്യമുണ്ട്. ഒപ്പം പുറപ്പെടുന്ന രാജ്യങ്ങളിലെ സ്ഥിതിക്കനുസരിച്ച് വരുന്ന നിയമമാറ്റങ്ങളും വെല്ലുവിളിയാണ്.
നേരത്തെ നേപ്പാളിൽ കുടുങ്ങിയ മലയാളികൾ ഏറെ സാമ്പത്തിക നഷ്ടം സഹിച്ചാണ് ഇന്ത്യയിലേക്ക് തന്നെ മടങ്ങിയത്. വാക്‌സിനേഷൻ നിശ്ചിത ശതമാനം പൂർത്തിയാകുന്നതോടെ സൗദിയിലേക്ക് നിബന്ധനകളോടെ യാത്രയ്ക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.