ബാഗേജ് വലിപ്പ പരിധി കര്‍ശനമാക്കി ഗള്‍ഫ് എയര്‍
നേരത്തെ ദമ്മാം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ കാര്‍ട്ടണ്‍ അളവ് പരിധി സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലും ബാധകമാക്കിയതായി കമ്പനി അറിയിച്ചു
വിമാന യാത്രക്കാരുടെ ബാഗേജുകള്‍ക്ക് നിശ്ചയിച്ച അളവ് പരിധി കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഗള്‍ഫ് എയര്‍. നേരത്തെ ദമ്മാം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ കാര്‍ട്ടണ്‍ അളവ് പരിധി സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലും ബാധകമാക്കിയതായി കമ്പനി അറിയിച്ചു. വലിപ്പ വിത്യാസമുള്ള കാര്‍ഡ്‌ബോഡ് പെട്ടികളുമായി എത്തുന്നവര്‍ വിമാനാത്താവളങ്ങളില്‍ വെച്ച് മാറ്റി പാക്ക് ചെയ്യേണ്ട അസ്ഥയിലാണിപ്പോള്‍.
സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്കാണ് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. കാര്‍ഡ്‌ബോഡ് പെട്ടികളുടെ വലിപ്പത്തില്‍ കമ്പനി നിശ്ചയിച്ച പരിധി കൃത്യമായി പാലിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. 76 സെന്റീമീറ്റര്‍ നീളവും, 51 സെന്റീമീറ്റര്‍ വീതിയും, 31 സെന്റീമീറ്റര്‍ ഉയരവുമുള്ള ബോക്‌സുകള്‍ക്ക് മാത്രമാണ് ഗള്‍ഫ് എയര്‍ അനുമതിയുള്ളത്.
ഈ നിബന്ധന നേരത്തെ ദമ്മാം വിമാനത്താവളത്തില്‍ മാത്രമായിരുന്നു നടപ്പിലാക്കിയിരുന്നത്. എന്നാല്‍ സൗദിയിലെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും നിയമം ബാധകമാക്കിയിരിക്കുകയാണിപ്പോള്. വിവരമറിയാതെ എത്തുന്ന യാത്രക്കാര്‍ വലിയ തുക മുടക്കി വിമാനത്താവളത്തില്‍ വെച്ച് മാറ്റി പാക്ക് ചെയ്യേണ്ട അവസ്ഥയിലാണിപ്പോള്‍. ഒരു പെട്ടിക്ക് 65 റിയാല്‍ വരെയാണ് ഇതിനായി വിമാനത്താവളങ്ങളില്‍ ഈടാക്കുന്നത്.