ഗൾഫ് മാധ്യമം 'ഓണോത്സവം' തുടങ്ങി; മത്സരങ്ങളിൽ വൻ ജനപങ്കാളിത്തം
ചിത്രരചനാമൽസരത്തിൽ പങ്കെടുക്കാൻ അഞ്ഞൂറിലേറെ കുരുന്നുകളും ഓണോത്സവത്തിന്‍റെ വേദിയിലെത്തി. പ്രാഥമിക റൗണ്ടിൽ തന്നെ മികച്ച പ്രതികരണമാണ് മത്സരങ്ങൾക്ക് ലഭിച്ചത്.
രണ്ടുദിവസം നീളുന്ന ഗൾഫ് മാധ്യമം ഓണോത്സവത്തിന് ഷാർജ സഫീർ മാർക്കറ്റിൽ തുടക്കമായി. പ്രവാസി കുടുംബങ്ങൾ മാറ്റുരക്കുന്ന വിവിധ മത്സരങ്ങളാണ് ഓണോത്സവത്തിന്‍റെ പ്രധാന ആകർഷണം. നാളെ മത്സരങ്ങളുടെ അന്തിമഘട്ടത്തിലാണ് ജേതാക്കളെ പ്രഖ്യാപിക്കുക.
ഷാർജ സഫീർ മാർക്കറ്റിൽ ശിങ്കാരി മേളത്തിന്‍റെ അകമ്പടിയോടെ മാവേലിയെ എഴുന്നെള്ളിച്ച ഘോഷയാത്രയോടെയാണ് ഗൾഫ് മാധ്യമം ഓണോത്സവത്തിന് തുടക്കമായത്. ചിത്രരചനാമൽസരത്തിൽ പങ്കെടുക്കാൻ അഞ്ഞൂറിലേറെ കുരുന്നുകളും ഓണോത്സവത്തിന്‍റെ വേദിയിലെത്തി. പ്രാഥമിക റൗണ്ടിൽ തന്നെ മികച്ച പ്രതികരണമാണ് മത്സരങ്ങൾക്ക് ലഭിച്ചത്.
കേരളത്തിലെ പൂർവവിദ്യാർഥി സംഘടനകളുടെ യു.എ.ഇ കൂട്ടായ്മയായ അകാഫ് ഇവന്‍റ്സും മേളയുടെ ഭാഗമാണ്. ഉദ്ഘാടന ചടങ്ങിൽ 'ഗൾഫ് മാധ്യമം' മാർക്കറ്റിങ് മാനേജർ ഹാഷിം ജെ.ആർ, സഫീർ മാർക്കറ്റ് മാർക്കറ്റിങ് മാനേജർ ഓം പ്രകാശ്, അക്കാഫ് ഇവന്‍റ്സ് മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപറമ്പിൽ, പ്രസിഡന്‍റ് ചാൾസ് പോൾ, രഞ്ജിത് കോടോത്ത് എന്നിവർ പങ്കെടുത്തു.
പരിപ്പ് പായസം മുതൽ ചിക്കൻ പായസം വരെ നീളുന്ന പായസമൽസരമാണ് ഓണോത്സവത്തിന്റെ രുചിപ്പെരുമ. നൂറുകണക്കിന് വനിതകളാണ് പായസത്തിലെ കൈപ്പുണ്യവുമായി ആദ്യ റൗണ്ടുകളിൽ വേദിയിലെത്തിയത്. വീട്ടിൽ നിന്ന് പാകം ചെയ്ത പായസങ്ങളാണ് ഇന്ന് വേദിയിലെത്തിയത്. അവസാനറൗണ്ടിൽ എത്തുന്നവർ നാളെ ലൈവായി പായസം പാകം ചെയ്യണം.