തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ഉജ്ജ്വല വിജയം നേടും: ഇമ്രാൻ പ്രതാപ് ഗഢി എം.പി
ബി.ജെ.പി നടത്തുന്ന വെറുപ്പിന്‍റെ കമ്പോളത്തിൽ സ്നേഹത്തിൻറെ കടകൾ തുറക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ കർണാടകയിലെ ജനങ്ങൾ സ്വീകരിച്ചതുപോലെ രാജ്യമൊട്ടുക്കും അത് ആവർത്തിക്കുമെന്നുറപ്പാണെന്നും ഇമ്രാൻ പ്രതാപ് ഗഢി എം.പി പറഞ്ഞു
ദമ്മാം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടി അധികാരത്തിലെത്തുമെന്ന് എ.ഐ.സി.സി ന്യൂനപക്ഷസെൽ ചെയർമാനും ഉത്തർപ്രദേശിൽ നിന്നുള്ള പ്രശസ്ത കവിയുമായ ഇമ്രാൻ പ്രതാപ് ഗഡി എം.പി. ഹ്രസ്വ സന്ദർശനാർത്ഥം ദമ്മാമിലെത്തിയ ഇമ്രാൻ പ്രതാപ് ഒ.ഐ.സി. സി ദമ്മാം റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച 'മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ബി.ജെ.പി നടത്തുന്ന വെറുപ്പിൻറെ കമ്പോളത്തിൽ സ്നേഹത്തിൻറെ കടകൾ തുറക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ കർണാടകയിലെ ജനങ്ങൾ സ്വീകരിച്ചതുപോലെ രാജ്യമൊട്ടുക്കും അത് ആവർത്തിക്കുമെന്നുറപ്പാണ്. കോൺഗ്രസിൽ നിന്നും അകന്നുപോയ ന്യൂനപക്ഷങ്ങൾ വീണ്ടും കോൺഗ്രസിലേക്ക് തിരികെ വരികയാണ്. കഴിഞ്ഞ ഒമ്പതര വർഷക്കാലത്തെ മോദിയുടെ ഭരണം ജനജീവിതം ദുസഹമാക്കി. ജാതിയുടെയും മതത്തിൻറെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപി രാജ്യത്തിൻറെ പൊതുസമ്പത്ത് ഏതാനും വ്യവസായ കുത്തകകൾക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അർഹതപ്പെട്ട അവകാശങ്ങൾ നേടിക്കൊടുക്കുവാൻ ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസും ഇന്ത്യ മുന്നണിയിലെ മറ്റ് പാർട്ടികളും അവരവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് എടുക്കുവാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിഅധികാരത്തിലെത്തിയാൽ രാജ്യത്തൊട്ടാകെ ജാതി സെൻസസ് എടുക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉത്തരേന്ത്യയിൽ കോൺഗ്രസിൻറെ താരപ്രചാരകൻ കൂടിയായ ഇമ്രാൻ പറഞ്ഞു.
ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി ഹിന്ദിയിലും ഉർദുവിലും താനെഴുതിയ കവിതകൾ ചൊല്ലി സദസിനെയൊന്നാകെ കൈയ്യിലെടുത്ത ഇമ്രാൻ മലയാളികളിൽ നിന്നും ധാരാളം നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പഠിക്കുവാനുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ താൻ മനസിലാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് ബിജു കല്ലുമല അദ്ധ്യക്ഷത വഹിച്ച മീറ്റ് ദ ലീഡർ ഒ.ഐ.സി സി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് അഹമ്മദ് പുളിക്കൽ ഉദ്‌ഘാടനം ചെയ്തു.
ഇമ്രാൻ പ്രതാപ് ഗഡി എം.പിയുമായുള്ള ചോദ്യോത്തരവേളക്ക് ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് സി.അബ്ദുൽ ഹമീദ് തുടക്കം കുറിച്ചു. അബ്ദുൾ മജീദ് (കെ.എം.സി.സി), നിഷാദ് കുഞ്ചു, മുഹമ്മദ് ഫിറോസ് (ഉത്തർപ്രദേശ്), ലൈജു, ഹമീദ് മരക്കാശ്ശേരി, ജാഫർ പെരിന്തൽമണ്ണ, ഷിജിലാ ഹമീദ് തുടങ്ങിയവർ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ജനറൽ സെക്രട്ടറി ഇ കെ സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.