കോവിഡിനിടയിലും ഇന്ത്യ-ദുബൈ വ്യാപാരത്തിൽ വൻവളർച്ച

മുൻവർഷത്തെക്കാൾ 17 ശതമാനം വർധന രേഖപ്പെടുത്തി

Update: 2021-06-14 18:56 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് വെല്ലുവിളികൾക്കിടയിലും ഇന്ത്യയ്ക്കും ദുബൈക്കും ഇടയിൽ എണ്ണയേതര വ്യാപാരത്തിൽ വൻവർധന. ഈ വർഷം ആദ്യപാദത്തിൽ 3,500 കോടി ദിർഹമിന്റെ ഇടപാടാണ് നടന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെക്കാൾ 17 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

കോവിഡ് പ്രതിസന്ധികൾ തരണം ചെയ്യാൻ വാണിജ്യ-വ്യവസായ മേഖലകളിൽ വിവിധ ഘട്ടങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതികൾ വലിയ ഗുണം ചെയ്തതായി ദുബൈ വിലയിരുത്തി. ഇന്ത്യയുമായി എണ്ണയിതര മേഖലയിൽ നല്ല മുന്നേറ്റമാണുണ്ടായത്. ദുബൈ പ്രതിസന്ധിഘട്ടത്തെ അതിവേഗം മറികടന്നതായി ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ ബിൻ സുലൈം പറഞ്ഞു. കൂടുതൽ നിക്ഷേപകരുടെ കടന്നുവരവും സാങ്കേതിക മുന്നേറ്റവും ദുബൈക്ക് കരുത്തായി മാറി. വാക്‌സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ഊർജിതമാക്കി കോവിഡ് വ്യാപനം തടയാൻ സാധിച്ചതും ദുബൈയുടെ നേട്ടമാണ്.

കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി സാമ്പത്തിക കോറിഡോർ വിപുലമാക്കുകയെന്ന ലക്ഷ്യത്തിലാണ് ദുബൈ. കുറഞ്ഞ ചെലവിലും കൂടുതൽ വേഗത്തിലുമുള്ള ചരക്കുനീക്കമാണ് ലക്ഷ്യം. ഇതിന് വെർച്വൽ കോറിഡോർ ഒരുക്കിയിട്ടുണ്ട്. 24 ഫ്രീസോണുകളിലെ 18,000ത്തിലേറെ കമ്പനികൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഗൾഫ് മേഖലയിൽ യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി സൗദി അറേബ്യയാണ്. 1,470 കോടി ദിർഹമിന്റെ ഇടപാടാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്. അതേസമയം, 4,400 കോടി ദിർഹമിന്റെ ഇടപാട് നടത്തിയ ചൈനയാണ് ഒന്നാമതുള്ളത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News