ഇന്ദ്രജാലക്കാരൻ അരങ്ങൊഴിഞ്ഞു, വിശ്വസിക്കാനാവാതെ ഒമാൻ
മാജിക് എന്ന ജനകീയ കലയിലൂടെയാണ് സമീർ ഒമാനിൽ അറിയപ്പെട്ടതും ഏറെ പ്രശംസിക്കപ്പെട്ടതും
ഒരു പതിറ്റാണ്ടിലേറെ കാലം ജാലവിദ്യകൾ കൊണ്ട് ഒമാനിലെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത മജീഷ്യൻ സമീർ പി.എ യുടെ അപ്രതീക്ഷിതമായ വേർപാട് വിശ്വസിക്കാനാവാതെ ഒമാനിലെ സ്വദേശികളും വിദേശികളും അടക്കമുള്ള സുഹൃത്തുക്കളും മാജിക് ആസ്വാദകരും.
കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ സമീർ ബി ഇ സി കമ്പനിയിൽ പ്ലംബിങ് സൂപ്പർവൈസർ ആയിട്ടാണ് ജോലിക്ക് വരുന്നത്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്. മാജിക് എന്ന ജനകീയ കലയിലൂടെയാണ് സമീർ ഒമാനിൽ അറിയപ്പെട്ടതും ഏറെ പ്രശംസിക്കപ്പെട്ടതും. അതുകൊണ്ട് തന്നെ ഒമാനിലെ എല്ലാ പ്രവാസി സംഘടനകൾക്കും നിരവധിയായ സ്വദേശികൾക്കും വിവിധ ദേശക്കാരായ വിദേശികൾക്കും സമീർ സുപരിചിതനായിരുന്നു. സ്വദേശികളും വിദേശികളും അടക്കം വൻ സൗഹ്യദ വലയം സൃഷ്‌ടിച്ച സമീർ ഹൃദ്യമായ പെരുമാറ്റം കൊണ്ട് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീടങ്ങോട്ട് വിടാതെ ആ സൗഹൃദം തുടർന്നുപോകാൻ സമീറിന് പ്രത്യേക കഴിവുണ്ടായിരുന്നു.
ഒമാനിൽ ഇന്ത്യൻ സ്കൂളുകളിലും കോർപ്പറേറ്റ് ഇവന്‍റുകളിലും ചർച്ചുകളിലും, കുടുംബ സംഗമങ്ങളിലും, മാളുകളിലും പ്രവാസി സംഘടനാ പരിപാടികളുടെ വേദികളിലും ഉൾപ്പെടെ നിരവധി വേദികളിൽ അദ്ദേഹം ഇന്ദ്രജാല പ്രകടനം നടത്തി. നിരവധി മൊമന്റോകളും പുരസ്കാരങ്ങളും സ്വന്തമാക്കി. ചരുങ്ങിയ കാലം കൊണ്ട് മസ്കറ്റിൽ അറിയപ്പെടുന്ന ഇന്ദ്രജാലക്കാരനായി അദ്ദേഹം മാറി. പ്രശസ്ത മജീഷ്യൻ വൈക്കം ചിത്രഭാനുവിന്റെ ശിക്ഷണത്തിലാണ് സമീർ മാജിക് പരിശീലിച്ചത്.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്ന സമീർ സ്വത സിദ്ധമായ ശൈലിയിൽ നിരവധി കുറിപ്പുകൾ പങ്കുവയ്ക്കുമായിരുന്നു. നിരവധി സംഘടനകളിൽ അംഗമായി പ്രവർത്തിച്ചു. കലാ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. നല്ലൊരു കർഷകൻ കൂടിയായിരുന്ന സമീർ താൻ താമസിക്കുന്ന ഫ്ളാറ്റിലെ പരിമിതമായ സൗകര്യങ്ങൾക്കിടയിൽ ചെയ്യുന്ന ചെറിയ കൃഷിക്ക് ഒമാൻ കൃഷിക്കൂട്ടം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
തികച്ചും അപ്രതീക്ഷിതമായിരുന്നു സമീറിന്‍റെ വേർപാട്. വൈക്കം തലയോലപ്പറമ്പ് ഉള്ക്കാത്ത വീട്ടിൽ അഹമ്മദിന്റെ മകനായ സമീറിന് മുപ്പത്തിയാറു വയസ്സായിരുന്നു. ഒമാനിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയ കോട്ടയം കൂട്ടിക്കൽ സ്വദേശിനി സജന യാണ് ഭാര്യ, ഐറാ മറിയം, ഐസം എന്നിങ്ങനെ രണ്ടു മക്കളുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ഭൗതിക ശരീരം സമീറിന്റെ ജന്മനാടായ തലയോലപ്പറമ്പിലെ മുഹിയദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ആറടി മണ്ണിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ കബറടക്കി.
ഭാര്യയും പിഞ്ചുകുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തെയും തന്നെ സ്നേഹിക്കുകയും തന്റെ മാജിക്കുകളെ ആസ്വദിക്കുകയും ചെയ്തുകൊണ്ടിരുന്ന നിരവധി മനുഷ്യരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഇന്ദ്രജാലങ്ങളില്ലാത്ത ലോകത്തേക്ക് ആ അനശ്വര കലാകാരൻ യാത്രയായി.