സ്മാർട്ട് എംപ്ലോയീസ് ഐഡിയുമായി കുവൈത്ത്
കുവൈത്ത് മൊബൈല്‍ ഐഡി വഴിയാണ് സ്മാർട്ട് എംപ്ലോയീസ് ഐഡി ലഭ്യമാവുക
കുവൈത്ത് സിറ്റി: തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി സ്മാർട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കിയതായി കുവൈത്ത് മാൻപവർ പബ്ലിക് അതോറിറ്റി അറിയിച്ചു. കുവൈത്ത് മൊബൈല്‍ ഐഡി വഴിയാണ് സ്മാർട്ട് എംപ്ലോയീസ് ഐഡി ലഭ്യമാവുക. മൊബൈല്‍ ഐഡിയില്‍ ലോഗിന്‍ ചെയ്തതിന് ശേഷം വാലറ്റില്‍ ക്ലിക്ക് ചെയ്ത് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി ഇന്‍സ്റ്റാള്‍ ചെയ്യാം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം നടപ്പിലാക്കിയതെന്ന് മാൻപവർ അതോറിറ്റി പറഞ്ഞു.
ഇതോടെ തൊഴിലാളിയുടെ നിയമപരമായ നില, വർക്ക് പെർമിറ്റ് ഡാറ്റ, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, പൊതുമേഖലയിലോ സ്വകാര്യ മേഖലകയിലോ ജോലി ചെയ്യുന്നത് തുടങ്ങിയ പ്രവാസി തൊഴിലാളിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മാർട്ട് എംപ്ലോയീസ് ഐഡി വഴി അറിയുവാന്‍ സാധിക്കും . സമാനമായ രീതിയില്‍ സ്മാര്‍ട്ട് ഐഡിയില്‍ ക്രമീകരിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തും മുഴുവന്‍ വിവരങ്ങളും ശേഖരിക്കുവാന്‍ കഴിയും. അതിനിടെ ഗൾഫ് ലേബർ ഗൈഡ് അനുസരിച്ച് ജീവനക്കാരെ അവരുടെ തസ്തികകള്‍ അനുസരിച്ചുള്ള ജോലികൾക്ക് നിയോഗിക്കണമെന്നും തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾ ഒഴിവാക്കണമെന്നും സ്വകാര്യ മേഖലയിലെ കമ്പനികളോട് മാൻപവർ പബ്ലിക് അതോറിറ്റി ആവശ്യപ്പെട്ടു.