യൂറോപ്പിൽനിന്ന് എത്തിച്ച 26.5 കിലോ കഞ്ചാവ് കുവൈത്തിൽ പിടികൂടി
ചരക്ക് കണ്ടെത്തിയത് ഓട്ടോമേറ്റഡ് കസ്റ്റംസ് സിസ്റ്റമായ 'മൈക്രോ ക്ലിയർ' പ്രോഗ്രാം ഉപയോഗിച്ച്
യൂറോപ്പിൽനിന്ന് എത്തിച്ച 26.5 കിലോ കഞ്ചാവ് കുവൈത്തിൽ പിടികൂടി. എയർ കസ്റ്റംസിലെ കസ്റ്റംസ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കഞ്ചാവും ഹാഷിഷും പിടികൂടിയത്. യൂറോപ്പിൽ നിന്ന് എത്തിച്ച ചരക്ക് മെയ് 16 വ്യാഴാഴ്ചയാണ് സംഘം പിടികൂടിയത്.
ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് ഷിപ്പിംഗ് കമ്പനി വഴി വ്യക്തിഗത ലഗേജായി എത്തിയ ചരക്ക് ഓട്ടോമേറ്റഡ് കസ്റ്റംസ് സിസ്റ്റമായ 'മൈക്രോ ക്ലിയർ' പ്രോഗ്രാം ഉപയോഗിച്ച് കസ്റ്റംസ് ഓഫീസർമാർ കണ്ടെത്തിയതാണ് നിർണായകമായത്.
തുടർന്ന്, സമഗ്ര പരിശോധനയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച രണ്ട് ബാഗുകൾ കണ്ടെത്തി. അതിലായിരുന്നു ഹാഷിഷും കഞ്ചാവും നിറച്ച ധാരാളം ഗുളികകൾ സൂക്ഷിച്ചിരുന്നത്. ലഹരി കണ്ടെത്തിയതിനെത്തുടർന്ന് പ്രതികളെ പിടികൂടി.