കുവൈത്ത് മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശേഖരിച്ച മാലിന്യത്തിൽ 400% വർധനവ്
മാലിന്യങ്ങളിൽ ഭൂരിഭാഗവും വിവിധ താമസ കെട്ടിടങ്ങളിൽ സംഭരിച്ചിരിക്കുന്ന അനാവശ്യ വസ്തുക്കളാണ്
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശേഖരിച്ച മാലിന്യത്തിൽ 400% വർധനവ് റിപ്പോർട്ട് ചെയ്തു. ഈ മാലിന്യങ്ങളിൽ ഭൂരിഭാഗവും വിവിധ താമസ കെട്ടിടങ്ങളിൽ സംഭരിച്ചിരിക്കുന്ന അനാവശ്യ വസ്തുക്കളാണ്. കുവൈത്തിലെ കെട്ടിട സുരക്ഷാ ചട്ടങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച മംഗഫ് അഗ്‌നി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മാലിന്യത്തിൽ വൻ വർധനവുണ്ടായത്.
വ്യാഴം, വെള്ളി ദിവസങ്ങളിലായി ആറ് ഗവർണറേറ്റുകളിലെ വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾക്ക് മുന്നിൽ നിന്ന് 568 ടൺ മാലിന്യം ശേഖരിച്ചതായി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവുമായ മുഹമ്മദ് സന്ദൻ അറിയിച്ചു. ഇത് സാധാരണ നിരക്കിന്റെ നാലിരട്ടിയാണ്. സാധാരണ ഒരു ദിവസം ഈ പ്രദേശങ്ങളിൽ 100 മുതൽ 150 ടൺ വരെ മാലിന്യമാണ് ഉണ്ടാകാറുള്ളത്.
കെട്ടിട ഉടമകൾക്ക് എല്ലാ ഗവർണറേറ്റുകളിലെയും ശുചിത്വ വകുപ്പുകൾ അവരുടെ വസ്തുവകകൾക്ക് മുന്നിൽ അവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും വക്താവ് മുന്നറിയിപ്പ് നൽകി. പിഴകൾ ഒഴിവാക്കാൻ കെട്ടിട ഉടമകൾ തന്നെ മാലിന്യം സ്വമേധയാ നീക്കം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മുനിസിപ്പാലിറ്റിയുടെ ചട്ടങ്ങൾ പാലിക്കണമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.