കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ, ബിരുദമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് : അനിശ്ചിതത്വം നീങ്ങി
250 ദിനാര്‍ വാര്‍ഷിക ഫീസും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സും ഈടാക്കി തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ തീരുമാനമായി
കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ, ബിരുദമില്ലാത്തവരുമായ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിലുള്ള അനിശ്ചിതത്വം നനീങ്ങി . 250 ദിനാര്‍ വാര്‍ഷിക ഫീസും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സും ഈടാക്കി തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി .
വാണിജ്യ മന്ത്രിയും മാന്‍പവര്‍ പബ്ലിക് അതോറിറ്റി ചെയര്‍മാനുമായ ജമാല്‍ അല്‍ ജലാവിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനം വന്നത്. 250 ദിനാര്‍ വാര്‍ഷിക ഫീസും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സും ഈടാക്കി അറുപതു കഴിഞ്ഞവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാം.
ഒരുവര്‍ഷമായി തുടരുന്ന അനിശ്ചിതത്വത്തിന് ഇതോടെ അവസാനമാകുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ . അതെ സമയം ആരോഗ്യ ഇന്‍ഷൂറന്‍സ് തുക എത്രയെന്നു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല . ജനസംഖ്യാ സന്തുലന നടപടികളുടെ ചുവടു പിടിച്ചായിരുന്നു മാന്‍പവര്‍ അതോറിറ്റി ബിരുദമില്ലാത്ത വിദേശികളുടെ വിസ പുതുക്കലിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചത്.
എന്നാല്‍ തൊഴില്‍ അനുമതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഫത്വ നിയമനിര്‍മാണ സമിതി തീരുമാനത്തെ നിരാകരിച്ചതോടെ ഉത്തരവ് വിവാദമായി. തീരുമാനം പുനഃപരിശോധിക്കണമെന്ന് പാര്‍ലിമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.
നയപരമായ വിഷയത്തില്‍ മന്ത്രിസഭയുമായി ആലോചിക്കാതെ തീരുമാനമെടുത്തു എന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസ കഴിഞ്ഞ ദിവസമാണ് തിരികെ ജോലിയില്‍പ്രവേശിച്ചത്. 50000ത്തിന് മുകളില്‍ ആളുകള്‍ പ്രായപരിധി നിയന്ത്രണത്തെ തുടര്‍ന്ന് വിസ പുതുക്കാനാകാതെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.