കുവൈത്തിൽ ജനുവരി 1 മുതൽ മാർച്ച് 31 വരെ പിൻവലിച്ചത് 860 ഡ്രൈവിങ് ലൈസൻസുകൾ
രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി
കുവൈത്തിൽ 2023 ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 860 ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഗതാഗതനിയമ ലംഘനങ്ങളുടെ തോത് കുറയ്ക്കുന്നതിന്‍റെ ഭാഗമായി നേരത്തെ നടപ്പിലാക്കിയ പോയിന്റ് സമ്പ്രദായ പ്രകാരമാണ് ലൈസന്‍സുകള്‍ റദ്ദാക്കിയത്
രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടികള്‍. നിയമലംഘനങ്ങളുടെ തോതനുസരിച്ച് ആറു മുതൽ 14 വരെ പോയന്റാണ് ലഭിക്കുക. ഒരു വര്‍ഷത്തിനിടെ 14 ല്‍ കൂടുതല്‍ ബ്ലാക്ക് പോയിന്റുകള്‍ ലൈസന്‍സില്‍ രേഖപ്പെടുത്തിയാല്‍ ആദ്യ തവണ 1 മാസത്തേക്ക് ലൈസന്‍സ് പിന്‍വലിക്കും. തുടര്‍ന്ന് 12 പോയിന്റുകൾ ലഭിച്ചാല്‍ 6 മാസവും, മുന്നാം തവണ 10 പോയിന്റുകൾ എത്തിയാൽ ഒമ്പത് മാസത്തേക്കും , അടുത്ത തവണ 8 പോയിന്റ് രേഖപ്പെടുത്തിയാല്‍ ഒരു വർഷത്തെക്കും പിന്നീട് 6 പോയന്റുകൾ ലഭിക്കുകയാണെങ്കിൽ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായും റദ്ദാക്കും.
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളാണ് ട്രാഫിക് അധികൃതര്‍ സ്വീകരിച്ചു വരുന്നത്. പ്രവാസികള്‍ക്ക് ഇഷ്യൂ ചെയ്ത എല്ലാ ലൈസന്‍സുകളുടേയും സൂക്ഷ്മ പരിശോധന നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. നിലവില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദിനാര്‍ ശമ്പളവും , ബിരുദവും , രണ്ട് വര്‍ഷത്തെ താമസം എന്നീവയാണ് ഉപാധികള്‍. ജോലി മാറ്റമോ മറ്റോ ആയ കാരണങ്ങളാല്‍ പരിധിക്ക് പുറത്താകുന്നവര്‍ ലൈസന്‍സ് തിരിച്ചേല്‍പ്പിക്കേണ്ടതുണ്ട്.