കുവൈത്തിൽ ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ നിലവിൽ വന്നു
13 മന്ത്രിമാർ ഉൾകൊള്ളുന്ന മന്ത്രിസഭക്ക് അംഗീകാരം നൽകുന്ന ഉത്തരവിൽ ഇന്നലെ രാത്രി കുവൈത്ത് അമീർ ഒപ്പ് വെച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയാണ് നിലവിൽ വന്നത്. 13 മന്ത്രിമാർ ഉൾകൊള്ളുന്ന മന്ത്രിസഭക്ക് അംഗീകാരം നൽകുന്ന ഉത്തരവിൽ ഇന്നലെ രാത്രി കുവൈത്ത് അമീർ ഒപ്പ് വെച്ചു.
കഴിഞ്ഞ കാബിനറ്റിലെ ഭൂരിഭാഗം മന്ത്രിമാരെയും നിലനിർത്തിയ പ്രധാനമന്ത്രി വലിയ മാറ്റം ഇല്ലാതെയാണ് പുതിയ സർക്കാർ രൂപവത്ക്കരിച്ചത്. ഉപപ്രധാനമന്ത്രിയായും പ്രതിരോധ, ആഭ്യന്തര മന്ത്രിയായും ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിനെ നിലനിർത്തി. മുൻ വൈദ്യുതി, ജല മന്ത്രിയായിരുന്ന മഹമൂദ് ബുഷെഹ്രി വർഷങ്ങൾക്കു ശേഷം അതേ സ്ഥാനത്ത് തിരിച്ചെത്തി.
പുതിയ മുഖമായ അംതൽ അൽ ഹുവൈലയെ സാമൂഹികകാര്യ മന്ത്രിയായി നിയമിച്ചു. അബ്ദുൾറഹ്‌മാൻ അൽ മുതൈരിയെ വാർത്താവിതരണ മന്ത്രിയായും, ഇമാദ് അൽ അതിഖിയെ എണ്ണ മന്ത്രിയായും നിലനിർത്തി. ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന അൻവർ അൽ മുദാഫിനും മാറ്റമില്ല. ഏപ്രിൽ നാലിന് നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ മുൻ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സർക്കാറിന്റെ രാജി സമർപ്പിച്ചിരുന്നു.
തുടർന്ന് ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹിനെ അമീർ പ്രധാനമന്ത്രിയായി നിയമിക്കുകയും മന്ത്രിമാരെ തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.1952-ൽ ജനിച്ച ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹ് പ്രാഥമിക പഠനം ശർഖിയ സ്‌കൂളിലും തുടർ പഠനം ലെബനനിലെ അമേരിക്കൻ സ്‌കൂളിലുമാണ് പൂർത്തിയാക്കിയത്.1976-ൽ ഇല്ലിനോയിസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബാങ്ക് ഫണ്ടിംഗിലും നിക്ഷേപത്തിലും ബിരുദം നേടി. ധനകാര്യ മന്ത്രിയായും, വാർത്താവിനിമയ മന്ത്രിയായും, ആരോഗ്യ മന്ത്രിയായും, എണ്ണ മന്ത്രിയായും നേരത്തെ സേവനം അനുഷ്ടിച്ചിരുന്നു. കുവൈത്തിലെ 46ാമത് സർക്കാറായാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്.