പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ കുവൈത്തിൽ സുരക്ഷ പരിശോധന ശക്തമാക്കി

നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

Update: 2024-07-01 14:49 GMT
Advertising

കുവൈത്തിൽ അനധികൃത താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ രാജ്യത്ത് സുരക്ഷ പരിശോധന ശക്തമാക്കി. പൊതുമാപ്പ് കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താമസ നിയമ ലംഘകർക്കെതിരെ നടപടിയെടുക്കാൻ ഇന്ന് രാവിലെ മുതൽ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ നടന്നു. പലയിടങ്ങളിൽ നിന്നായി നൂറുക്കണക്കിന് അനധികൃത താമസക്കാരെ അറസ്റ്റു ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇതുസംബന്ധിച്ച് കർശനമായ നിർദേശം അധികൃതർക്ക് നൽകി.

ആഭ്യന്തര അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അഹമ്മദ് അസ്സബാഹ് നേരിട്ടാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. മാർച്ച് 17നാണ് പൊതുമാപ്പ് ആരംഭിച്ചത്. ജൂൺ 17 വരെ നിശ്ചയിച്ച സമയപരിധി പിന്നീട് ജൂൺ 30 വരെ നീട്ടുകയായിരുന്നു. താമസ നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും പിഴ അടച്ച് താമസരേഖ പുതുക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവിൽ ലഭിച്ചത്. ഇത്തരക്കാർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് മടങ്ങിവരാനും കഴിയും.

നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനുള്ളിൽ പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അനുവദിച്ച കാലയളവ് അവസാനിച്ചതോടെയാണ് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പരിശോധനകൾ പുനരാരംഭിച്ചത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ തീരുമാനം.

നിയമലംഘകരെ കണ്ടെത്തി ഡിപോർട്ടേഷൻ സെന്ററുകളിലേക്ക് മാറ്റും. തുടർന്ന് ഇവരെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കും. ഇത്തരത്തിൽ നാട്ടിലേക്ക് അയക്കുന്നവർക്ക് പിന്നീട് കുവൈത്തിൽ പ്രവേശിക്കാനാകില്ല. നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധന കാമ്പയിനുകൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ പാർപ്പിക്കുന്നതിനായി രാജ്യത്ത് കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News