കുവൈത്തിലെ സാല്‍മിയ പ്രദേശത്തേക്ക് താമസം മാറുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ശുയൂഖ് ആയിരുന്നു നേരത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശം
കുവൈത്തിലെ സാല്‍മിയ പ്രദേശത്തേക്ക് താമസം മാറുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്നു കണക്കുകള്‍. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് ഹവല്ലി ഗവര്‍ണറേറ്റിലെ സാല്‍മിയയാണ് രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം.
ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബ് അല്‍ ശുയൂഖ് ആയിരുന്നു നേരത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശം. എന്നാല്‍ കോവിഡിന് ശേഷം ഇവിടെനിന്ന് മറ്റു പ്രദേശങ്ങളിലേക്ക് താമസം മാറുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം സിവില്‍ ഇന്‍ഫോര്‍മേഷന്‍ അതോറിറ്റി പുറത്തു വിട്ട കണക്കനുസരിച്ച് 271000 പേരാണ് ജലീബ് അല്‍ ശുയൂഖില്‍ താമസക്കാരായി ഉണ്ടായിരുന്നത്. കുവൈത്ത് പൗരന്മാരും, വിദേശികളും പൗരത്വരഹിതരും ഉള്‍പ്പെടെയുള്ള കണക്കാണിത്. രാജ്യത്ത് മലയാളികള്‍ ഏറ്റവും കൂടുതലുള്ള പ്രദേശം കൂടിയാണ് ജലീബ് അല്‍ ശുയൂഖ്.
2019ല്‍ 328000 താമസക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് കോവിഡിന് ശേഷം താമസക്കാരുടെ എണ്ണം അരലക്ഷത്തിലേറെ കുറഞ്ഞത്. ആളുകള്‍ മറ്റു പ്രദേശങ്ങളിലേക്ക് താമസം മാറിയതും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വിദേശികള്‍ക്ക് പ്രവാസം അവസാനിപ്പിക്കേണ്ടി വന്നതും ജലീബിലെ ജനസാന്ദ്രത കുറയാന്‍ കാരണമായിട്ടുണ്ട്.
നിലവില്‍ ഹവല്ലി ഗവര്‍ണറേറ്റിലെ സാല്‍മിയ ആണ് രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള താമസമേഖല. 2,82 541 പേരാണ് സാല്‍മിയയില്‍ താമസിക്കുന്നത്. പുതുതായി സ്ഥാപിക്കപ്പെട്ട അന്‍ജഫ അല്‍ ബിദ അല്‍ മസീല, അബു അല്‍ ഹസനിയ , ഖൈറാന്‍ റെസിഡന്‍ഷ്യല്‍ ഏരിയ എന്നീ പ്രദേശങ്ങളാണ് താമസക്കാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നിലുള്ളത്. ആയിരത്തില്‍ താഴെയാണ് ഇവിടങ്ങളിലെ താമസക്കാരുടെ എണ്ണം. ഇതില്‍ അന്‍ജഫയിലെ താമസക്കാരുടെ എണ്ണം വെറും 328 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.