കുവൈത്ത് ഇന്ത്യൻ എംബസിയിലെ കൊറിയർ സേവനം വേണമോയെന്ന് അപേക്ഷകർക്ക് തിരഞ്ഞെടുക്കാം
അംഗീകൃത നിരക്കുകൾക്കപ്പുറം അധിക ഫീസൊന്നും നൽകേണ്ടതില്ലെന്ന് ഇന്ത്യൻ എംബസി
കുവൈത്ത് സിറ്റി:കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ബി.എൽ.എസ് ഇന്റർനാഷണൽ സർവീസസ് നൽകുന്ന കൊറിയർ സേവനം ഉപയോഗപ്പെടുത്തുന്നത് അപേക്ഷകർക്ക് തിരഞ്ഞെടുക്കാം. അംഗീകൃത നിരക്കുകൾക്കപ്പുറം അധിക ഫീസൊന്നും നൽകേണ്ടതില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിലെ കൊറിയർ സേവനം ഉപയോഗപ്പെടുത്തൽ പൂർണമായും ഓപ്ഷണൽ ആണ്. ഡോക്യുമെന്റുകളോ പാസ്പോർട്ടുകളോ നിർദ്ദിഷ്ട വിലാസത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാം. കൊറിയർ നിർബന്ധമല്ല. അപേക്ഷകർക്ക് പാസ്പോർട്ടുകളോ രേഖകളോ കൊറിയർ ഡെലിവറി വഴി ലഭിക്കുന്നതിനേക്കാൾ ഒന്നോ രണ്ടോ ദിവസം മുമ്പ് അതേ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കാനാകുമെന്നും എംബസി അറിയിച്ചു.
സേവനങ്ങൾക്കായുള്ള എംബസി അംഗീകൃത നിരക്കുകൾ ഓരോ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിലും സർവീസ് കൗണ്ടറുകളിൽ ഉൾപ്പെടെ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അപേക്ഷകർ രസീതിൽ ഓപ്ഷണൽ സേവനങ്ങൾക്കുള്ള നിരക്കുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എംബസി വ്യക്തമാക്കി.
എംബസി നിശ്ചയിച്ചിട്ടുള്ള നിശ്ചിത നിരക്കിൽ ഓപ്ഷണൽ സേവനങ്ങൾ നൽകാൻ ബി.എൽ.എസിന് അധികാരമുണ്ട്. എന്നാൽ ഈ അധിക സേവനങ്ങൾ ഓപ്ഷണൽ ആണ്. അംഗീകൃത നിരക്കുകൾക്കപ്പുറം അധിക ഫീസൊന്നും നൽകേണ്ടതുമില്ല. നിർദ്ദേശങ്ങളും പരാതികളും ഇമെയിൽ വഴിയോ ഫീഡ്ബാക്ക് ഫോം വഴിയോ സമർപ്പിക്കാമെന്ന് എംബസി അധികൃതർ പറഞ്ഞു.