അച്ചടക്ക ലംഘനം; കുവൈത്ത് കെ.എം.സി.സി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടി
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിൽ വെച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ള മൂന്നംഗ സംഘത്തെ കൈയ്യേറിയ സംഭവത്തിലാണ് നടപടി
കുവൈത്ത് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ കുവൈത്ത് കെ.എം.സി.സി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. നിലവിലെ കെ.എം.സി.സി ജനറൽസെക്രട്ടറിയായ ശറഫുദ്ധീൻ കണ്ണെത്, വൈസ് പ്രസിഡൻറ് അസ്‌ലം കുറ്റിക്കാട്ടൂർ, സെക്രട്ടറി ഷാഫി കൊല്ലം, ജില്ല-മണ്ഡലം കമ്മിറ്റി നേതാക്കളായ ഫുവാദ് സുലൈമാൻ, നിഷാൻ അബ്ദുള്ള, റസാഖ് മന്നൻ, ഫൈസൽ കടമേരി, ശുഹൈബ് ചെമ്പിലോട്, കാദർ കൈതക്കാട്, അയ്യൂബ് പുതുപ്പറമ്പ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഇവരെ പാർട്ടിയിലേയും കെ.എം.സി.സി അടക്കമുള്ള പോഷക സംഘടനകളിലേയും പ്രാഥമിക അംഗത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലാ കൗൺസിൽ യോഗത്തിൽ വെച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ള മൂന്നംഗ സംഘത്തെ കൈയ്യേറിയത്.
യോഗം അലങ്കോലമാക്കിയവർക്കെതിരെ കർശന നടപടിയെടുക്കമെന്ന് പി.എം.എ സലാം കുവൈത്തിൽ പ്രസ്ഥാവിച്ചിരുന്നു. ജനറൽസെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കളെ സസ്‌പെൻഡ് ചെയ്തതോടെ അടുത്ത ദിവസങ്ങളിൽ പ്രശ്‌നം ഗുരുതരമാകുവാനാണ് സാധ്യത.