കുവൈത്തിലെ കെയ്റോ സ്ട്രീറ്റ് വികസന പദ്ധതി അവസാന ഘട്ടത്തിലേക്ക്
9 കിലോമീറ്റർ നീളത്തിലുള്ള റോഡ് വികസനത്തിൽ അഞ്ച് ഗ്രൗണ്ട് പാലങ്ങളും ഒരു ഫ്‌ളൈഓവറും മൂന്ന് അടിപ്പാതകളും ഉൾപ്പെടുന്നു
കുവൈത്ത് സിറ്റി : കുവൈത്ത് പൊതുമരാമത്ത് വകുപ്പ് കെയ്‌റോ റോഡ് വികസന പദ്ധതിയിൽ കാര്യമായ പുരോഗതി കൈവരിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം പദ്ധതി 93 ശതമാനം പൂർത്തീകരിച്ചതായി മന്ത്രാലയ വക്താവ് എൻജിനീയർ അഹമ്മദ് അൽ സാലിഹ് അറിയിച്ചു. ക്യാപിറ്റൽ,ഹവല്ലി ഗവർണറേറ്റുകളിലെ വാഹനയാത്രക്കാർക്ക് വലിയ ആശ്വാസമായിരിക്കും ഈ പദ്ധതി.
പദ്ധതിയിൽ അഞ്ച് ഗ്രൗണ്ട് പാലങ്ങളും ഒരു ഫ്‌ളൈഓവർ പാലവും മൂന്ന് അടിപ്പാതകളും ഉൾപ്പെടുന്നുണ്ട്. ഈ പരിഷ്‌കാരങ്ങൾ കെയ്‌റോ റോഡിലെ ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള റോഡ് കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഏഴ് നടപ്പാലങ്ങൾ കാൽനടയാത്രക്കാർക്ക് പ്രയോജനം ചെയ്യും. പൊതുഗതാഗത ഉപയോക്താക്കൾക്ക് കൂടുതൽ സുഖപ്രദമായ കാത്തിരിപ്പ് അനുഭവം നൽകുന്നതിനായി 23 എയർ കണ്ടീഷൻ ചെയ്ത ബസ് സ്റ്റോപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണം പദ്ധതിയിൽ ഉൾപ്പെടുന്നു. ഈ പ്രവർത്തനത്തിൽ മലിനജലവും മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളും, വൈദ്യുതി, ജല ലൈനുകൾ എന്നിവയും ഉൾപ്പെടുന്നു. വൈദ്യുതി-ജല വകുപ്പുമായുള്ള സഹകരണത്തിലൂടെയാണ് ഈ വികസനം നടന്നത്.
റോഡരികുകളിൽ ലാൻഡ്സ്‌കേപിംഗ് ഉൾപ്പെടുത്തി കൂടുതൽ മനോഹരമായ റോഡ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് എൻജിനീയർ അൽ സാലിഹ് പറഞ്ഞു. കൂടാതെ, ആശയവിനിമയ മന്ത്രാലയവുമായി സഹകരിച്ച് ടെലിഫോൺ നെറ്റ്വർക്കുകളും വികസിപ്പിച്ചിട്ടുണ്ട്.താൽക്കാലിക റോഡുകളിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് എൻജിനീയർ അൽ സാലിഹ് അഭ്യർത്ഥിക്കുകയും ചെയ്തു.