കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യു.പി സ്വദേശിക്കെതിരെ സി.ബി.ഐ കേസ്
കുവൈത്തില്‍ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യു.പി സ്വദേശിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അന്തലൂസിലെ കുവൈത്തി വീട്ടില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാര്‍ രാമ എന്ന ലക്നൗ സദേശിക്കെതിരെയാണ് നടപടി.
2012ല്‍ കുവൈത്തില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ കുറ്റാരോപിതനാണ് സന്തോഷ് കുമാര്‍ രാമ. ആന്തലൂസിലെ സ്വാദേശി വീട്ടില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വീട്ടുടമയെയും ഭാര്യയേയും കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഇരകള്‍ ഇയാളുടെ പാസ്സ്പോര്‍ട്ട് തടഞ്ഞു വയ്ക്കുകയും, മതവിശ്വാസത്തിന് വിരുദ്ധമായി ചേലാകര്‍മത്തിന് വിധേയനാകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കൊലനടത്തിയതെന്നാണ് ആരോപണം.
കൊലപാതകത്തിന് ശേഷം, തന്റെ പാസ്പോര്‍ട്ട് വീണ്ടെടുത്തതായും കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതിക്കെതിരെ 2012 ഫെബ്രുവരി 29ന് കുവൈത്ത് കോടതി പ്രതിയുടെ അസാന്നിധ്യത്തില്‍ വധശിക്ഷ വിധിച്ചിരുന്നു.
ഇന്ത്യയും കുവൈത്തും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടി പ്രകാരം ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കാവുന്ന സന്ദര്‍ഭങ്ങളില്‍ കൈമാറല്‍ സാധ്യമാണ്. ഇതനുസരിച്ച് പ്രതിയെ കുവൈത്തിന് കൈമാറണമെന്നാണ് വിദേശകാര്യ മന്ത്രാലയം വഴി കുവൈത്ത് അഭ്യര്‍ത്ഥിച്ചത്. അതെ സമയം കേസന്വേഷണത്തിന് ശേഷം കുറ്റാരോപിതനായ വ്യക്തിയെ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് കീഴില്‍ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് എ.എന്‍.ഐ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.