തണുപ്പ് കാലമെത്തി, ഇനി തമ്പുകളിൽ രാപ്പാർക്കാം; കുവൈത്തിൽ ക്യാമ്പിംഗ് സീസൺ തുടക്കം

നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിലെ ശൈത്യകാല ക്യാമ്പിംഗ് സീസൺ

Update: 2024-11-15 05:15 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ ക്യാമ്പിംഗ് സീസൺ ആരംഭിച്ചു. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ ശൈത്യകാല തമ്പുകളിൽ താമസിക്കുന്ന സീസൺ. ക്യാമ്പിംഗ് സീസണ് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് മുഹമ്മദ് സന്ദൻ അറിയിച്ചു. മുനിസിപ്പാലിറ്റി നിർണ്ണയിച്ചു നൽകിയ മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതിയുള്ളത്. സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹ്ല് വഴിയോ, കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോയാണ് ക്യാമ്പിംഗ് സൈറ്റുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്.

ആവശ്യമായ പെർമിറ്റ് നേടാതെ സ്പ്രിംഗ് ക്യാമ്പ് സ്ഥാപിക്കുകയോ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നവരിൽ നിന്നും 3,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തും. മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായ അനുഭവമായിരിക്കും ഈ വർഷമെന്ന് സന്ദൻ പറഞ്ഞു. ക്യാമ്പ് സൈറ്റുകളിൽ നിർമ്മാണ സാമഗ്രികൾ, മൺതടങ്ങൾ, വേലികൾ എന്നിവ ഉപയോഗിച്ച് സ്ഥിരമായ സംവിധാനം ഒരുക്കരുത്. യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നിലം നിരപ്പാക്കുന്നതും നിരോധിച്ചിട്ടുണ്ട്.ക്യാമ്പിൽ താമസിക്കുന്നവർ നിശ്ചിത സ്ഥലങ്ങളിൽ മാലിന്യം സംസ്‌കരിക്കുകയും നീക്കം ചെയ്യുകയും വേണം.

വന്യജീവികളെയും അവയുടെ കുഞ്ഞുങ്ങളെയും വേട്ടയാടുകയോ കൊല്ലുകയോ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിയും പൊതു സുരക്ഷയും സംരക്ഷിക്കുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സന്ദൻ പറഞ്ഞു. തണുപ്പാസ്വദിച്ചു കൊണ്ട് മരുഭൂമിയിൽ രാപാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News