കുവൈത്തിലെയും ഖത്തറിലെയും പൗരന്മാർക്ക് ഇനി വിസയില്ലാതെ യൂറോപ്പ് സന്ദര്‍ശിക്കാം
വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള വോട്ടെടുപ്പ് നവംബര്‍ 17 ന് നിശ്ചയിച്ചിരുന്നുവെങ്കിലും കുവൈത്തില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റി വെക്കുകയായിരുന്നു
കുവൈത്ത് സിറ്റി: ഷെങ്കൻ വിസയില്ലാതെ കുവൈത്ത് പൗരന്മാർക്ക് പ്രവേശനം അനുവദിക്കുന്ന പ്രമേയത്തിന് യൂറോപ്യൻ പാർലമെന്‍റ് കമ്മിറ്റിയുടെ അംഗീകാരം. ഇന്ന് നടന്ന വോട്ടെടുപ്പില്‍ 16 നെതിരെ 42 വോട്ടുകളുടെ പിന്തുണയോടെയാണ് ഭേദഗതി പാസായത്. ഇതോടെ കുവൈത്ത് സ്വദേശികള്‍ക്ക് വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി സഞ്ചരിക്കാൻ കഴിയും.
വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള വോട്ടെടുപ്പ് നവംബര്‍ 17 ന് നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും കുവൈത്തില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റി വെക്കുകയായിരുന്നു. ബ്രസ്സല്‍സില്‍ കുവൈത്ത് അംബാസിഡറെ വിളിച്ച് പ്രതിഷേധം അറിയിച്ച യുറോപ്യന്‍ യൂണിയന്‍റെ നടപടിക്കെതിരെ കുവൈത്തും അറബ് പാർലമെന്‍റും നേരത്തെ ശക്തമായി രംഗത്ത് വന്നിരുന്നു.
അതേസമയം, വധശിക്ഷ നിർത്തിവെക്കണമെന്ന ഉപാധി കുവൈത്തിന് മുമ്പാകെ യൂറോപ്യൻ സമിതി വെച്ചിട്ടുണ്ട്. പരസ്പര ചർച്ചകളിലൂടെ ഇതിൽ തീരുമാനമാകുന്ന മുറക്കാകും കുവൈത്തിന് വിസ അനുവദിച്ചു തുടങ്ങുകയെന്നാണ് സൂചനകള്‍. കുവൈത്തിനോടൊപ്പം ഖത്തറിലെ പൗരന്മാർക്കും ഷെങ്കൻ വിസയില്ലാതെ യുറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ യൂറോപ്യൻ പാർലമെന്‍റ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.