കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് ആരംഭിച്ചു

വിസ മാറ്റത്തിന് അംഗീകാരം ലഭിക്കാൻ മൂന്ന് വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്

Update: 2024-07-15 12:55 GMT
Advertising

കുവൈത്ത് സിറ്റി: വീട്ടുജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് ആരംഭിച്ചു. ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയാണ് ആനുകൂല്യം ലഭ്യമാവുക. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിൽ ഉടമയുടെ കൂടെ ജോലി പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

അമ്പത് ദിനാറാണ് ട്രാൻസ്ഫർ ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. വിസ പുതുക്കുന്നതിനായി എല്ലാ വർഷവും 10 ദീനാറും ഈടാക്കും. അതോടപ്പം അമ്പത് ദിനാർ ഇൻഷുറൻസായും നൽകണം.

വിസ മാറാൻ ആവശ്യമായ വിവരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: ആദ്യം തന്നെ ഇതിനായുള്ള അപേക്ഷയാണ് തയ്യാറാക്കേണ്ടത്. അപേക്ഷ തയ്യാറാക്കാനായി വിസ മാറ്റി നൽകുന്ന കമ്പനിയുടെ വിവരങ്ങൾ അടങ്ങിയ രേഖ (ഈതിമ തൗകിയ), നിലവിലെ സ്‌പോൺസരുടെ സിവിൽ ഐ.ഡി, പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ നൽകി ഫോം തയ്യാറാക്കുക.

തയ്യാറാക്കിയ അപേക്ഷയുമായി സ്‌പോൺസരുടെ കൂടെ ജവാസാത്തിലേക്ക് (പാസ്‌പോർട്ട് ഓഫീസ്) പോയി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. തുടർന്ന് അവിടെ നിന്ന് ലഭിക്കുന്ന രേഖ, തൊഴിൽ വിസ അടിക്കാൻ സന്നദ്ധമായ കമ്പനിയിൽ സമർപ്പിക്കുക. അതിന് ശേഷം കമ്പനി ആവശ്യമായ റസിഡൻസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ വിസാ മാറ്റം പൂർണ്ണമായി.

പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഞായറാഴ്ച മുതൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് തങ്ങളുടെ വിസ ആർട്ടിക്കിൾ 20ൽ നിന്ന് ആർട്ടിക്കിൾ 18ലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഗാർഹിക വിസയുമായി ബന്ധപ്പെട്ടുള്ളതാണ് ആർട്ടിക്കിൾ 20. എന്നാൽ ആർട്ടിക്കിൾ 18 സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള വിസയാണ്. ജൂലൈ 14 ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക് ആർട്ടിക്കിൾ 20ൽ നിന്ന് ആർട്ടിക്കിൾ 18 ലേക്ക് മാറ്റാൻ പി.എ.എം അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടികൾ നടക്കുന്നത്.

വിസ മാറ്റത്തിന് അംഗീകാരം ലഭിക്കാൻ മൂന്ന് വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്. തൊഴിലുടമ നേരിട്ടെത്തുക, ഗാർഹിക തൊഴിലാളിയുടെ സ്പോൺസർ റെസിഡൻസി കൈമാറാൻ സമ്മതിച്ചുവെന്ന് പരിശോധിച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് റെസിഡൻസി അഫയേഴ്സ് നൽകുന്ന അംഗീകാരം, അപേക്ഷകൻ കുറഞ്ഞത് ഒരു വർഷമെങ്കിലും കുവൈത്തിൽ താമസിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കൽ.


Full View



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News