കുവൈത്തില്‍ 1500ലധികം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
കുവൈത്തിലെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിവിധ മേഖലകളിലുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുമുള്‍പ്പെട്ട 1500 ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തെ ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി രോഗ ബാധിതരായ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അഡ്മിനിസ്‌ട്രേറ്റീവ് തൊഴിലാളികളുടെയും എണ്ണം കാണിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ മേഖല ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകളില്‍ കഴിഞ്ഞയാഴ്ചത്തെ കേസുകള്‍ മാത്രമാണ് നിലവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഏതാനും ആഴ്ചകളായി, കുവൈത്തില്‍ പ്രിതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനും അധികാരികളെ പ്രേരിപ്പിച്ചിരിക്കുകയാണ്.
രോഗബാധിതരുടെ എണ്ണത്തിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടവും ഒമിക്രോണ്‍ വകഭേദത്തിന്റെ സാനിധ്യവും കണക്കിലെടുത്ത്, ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയവും നീതിന്യായ മന്ത്രാലയവും കോവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഞായറാഴ്ച 2,999 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, മൊത്തം രോഗബാധിതരുടെ എണ്ണം 433,919 ആയി വര്‍ദ്ധിച്ചു. അതേസമയം പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.