കുവൈത്ത് തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ കൊച്ചിയിലെത്തിക്കും

കുവൈത്ത് സമയം പുലർച്ചെ ഒരു മണിയോടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ട് വരുക

Update: 2024-06-14 01:28 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ എട്ടരയോടെ കൊച്ചിയിലെത്തിക്കും. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ മൃതദേഹം ഏറ്റുവാങ്ങും. മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. അപകടത്തിൽ 23 മലയാളികളടക്കം 45 പേരാണ് മരിച്ചത്. ദജീജ് മോർച്ചറിയിൽ എംബാം നടപടികൾ പുരാഗമിക്കുകയാണ്. കുവൈത്ത് സമയം പുലർച്ചെ ഒരു മണിയോടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ട് വരുക.

അതിനിടെ, കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈത്ത് യാത്ര ഉപേക്ഷിച്ചു. കേന്ദ്ര തീരുമാനം അങ്ങേയറ്റം നിർഭാഗ്യകരമെന്ന് മന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും മന്ത്രി നെടുമ്പാശേരിയിൽ പറഞ്ഞു.

അതേസമയം, കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം വീതം നൽകാൻ ഇന്ന് ചേർന്ന സ്‌പെഷ്യൽ കാബിനറ്റ് തീരുമാനിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപയും ആശ്രിതർക്ക് ജോലി നൽകുമെന്നും എൻ.ബി.ടി.സി മാനേജ് മെന്റും അറിയിച്ചു. വ്യവസായികളായ യൂസഫലിയും അഞ്ച് ലക്ഷവും രവി പിള്ള രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട സ്വദേശികളായ സിബിൻ എബ്രഹാം, മുരളീധരൻ നായർ, ആകാശ് ശശിധരൻ നായർ, സാജു വർഗീസ്, തോമസ് ചിറയിൽ ഉമ്മൻ, കണ്ണൂർ സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, നിതിൻ, അനീഷ് കുമാർ, കൊല്ലം സ്വദേശികളായ സുമേഷ് സുന്ദരൻ പിള്ള, ലൂക്കോസ്, സാജൻ ജോർജ്, ഷമീർ ഉമറുദ്ദീൻ, കോട്ടയം സ്വദേശികളായ ശ്രീഹരി പ്രദീപ്, സ്റ്റെഫിൻ എബ്രഹാം സാബു, ഷിബു വർ​ഗീസ്, മലപ്പുറം സ്വ​ദേശികളായ ബാഹുലേയൻ, നൂഹ്, തിരുവനന്തപുരം സ്വദേശികളായ ശ്രീജേഷ് തങ്കപ്പൻ നായർ, അരുൺ ബാബു, കാസർകോട് സ്വദേശികളായ രഞ്ജിത്, കേളു പൊൻമലേരി, ആലപ്പുഴ സ്വദേശിയായ മാത്യു തോമസ്, തൃശൂർ സ്വദേശിയായ ബിനോയ് തോമസ് എന്നിവരാണ് മരിച്ച മലയാളികൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News