'കൃത്യമായ രേഖകളില്ലാതെ കുവൈത്തിലേക്ക് ജോലിക്കായി വരരുത്'; മുന്നറിയിപ്പുമായി ഇന്ത്യൻ അംബാസഡർ

ഇടനിലക്കാരെയോ അനധികൃത ഏജന്റുമാരെയോ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ത്യൻ അംബാസഡർ

Update: 2022-06-30 20:03 GMT
Editor : afsal137 | By : Web Desk
Advertising

കുവൈത്ത് സിറ്റി: വ്യക്തമായ തൊഴിൽ കരാറിന്റെയും കൃത്യമായ രേഖകളുടെയും അടിസ്ഥാനത്തിലല്ലാതെ കുവൈത്തിലേക്ക് ജോലിക്കായി വരരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ച ധാരണാപത്രം തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണെന്നും വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിൽ അല്ലാതെ വരുന്നവരാണ് പ്രശ്‌നങ്ങളിൽ അകപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2022ൽ കുവൈത്ത് ഇന്ത്യൻ ഗാർഹിക തൊഴിലാളികൾക്കായി 42600ലധികം വിസകൾ അനുവദിച്ചതായാണ് കണക്ക്. ഗാർഹിക മേഖലയിലേക്ക് വരുന്നവരുടെ എണ്ണം വർധിച്ചതോടെ എംബസിയിലെത്തുന്ന പരാതികളും വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം എംബസിയിൽ 1688 ഗാർഹിക തൊഴിലാളികളിൽനിന്ന് പരാതി ലഭിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ ഇവരിൽ ഭൂരിഭാഗം പേരും അനധികൃത മാർഗങ്ങളിലൂടെ എത്തിയവരാണ്. ജോലിക്കായി കുവൈത്തിലേക്ക് പോകുന്നതിന് ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യയിൽ അവബോധം സൃഷ്ടിക്കണമെന്നു മാധ്യമപ്രവർത്തകരോടും പ്രവാസി സംഘടനകളോടും അംബാസഡർ അഭ്യർത്ഥിച്ചു.

ഇടനിലക്കാരെയോ അനധികൃത ഏജന്റുമാരെയോ പ്രോത്സാഹിപ്പിക്കരുത്. പല അനധികൃത ഇടനിലക്കാരെയും പിടികൂടി നാടുകടത്താൻ സാധിച്ചിട്ടുണ്ട്, ചിലർ ഒളിച്ച് കഴിയുന്നു. കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഏതെങ്കിലും ഇടനിലക്കാർ സമീപിച്ചാൽ ഉടൻ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. എംബസിക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാർ ഈ സൗകര്യം തൃപ്തികരമായി ഉപയോഗിച്ചതായും ന്യായമായ എന്ത് ആവശ്യങ്ങൾക്കും എംബസി കൂടെയുണ്ടാകുമെന്നും അംബാസഡർ സിബി ജോർജ് വ്യക്തമാക്കി.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News