കുവൈത്തിൽ 66,854 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി
പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ തീരുമാന പ്രകാരമാണ് നടപടി
കുവൈത്തിൽ 66,854 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി. രാജ്യത്ത് താമസ രേഖ റദ്ദാക്കിയ പ്രവാസികളുടെയും മരിച്ചവരുടെയും ഡ്രൈവിംഗ് ലൈസൻസുകളാണ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. ലൈസൻസുകൾ പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ ശിപാർശ പ്രകാരമാണ് നടപടി. പ്രവാസികൾക്ക് അനുവദിച്ച ലൈസൻസുകൾ പരിശോധിച്ച് രാജ്യത്തെ ട്രാഫിക് വ്യവസ്ഥകളുമായി ഒത്തുപോകുന്നില്ലെന്ന് തെളിഞ്ഞതിന് പിറകെയാണ് ലൈസൻസുകൾ പിൻവലിച്ചത്. ഇതോടെ ഇവർ വീണ്ടും കുവൈത്തിൽ എത്തിയാൽ പുതിയ ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടിവരും.
കഴിഞ്ഞ വർഷമാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദ്ദേശ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകൾ പുനഃപരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയത്. പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകൾ പരിശോധിച്ച് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന പരിശോധന സമിതി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ലൈസൻസ് സംബന്ധമായി സമിതി മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ മന്ത്രിതലത്തിൽ ചർച്ചചെയ്ത് തീരുമാനങ്ങൾ പുറപ്പെടുവിക്കുമെന്നാണ് സൂചന.
കുവൈത്തിൽ ഏഴു ലക്ഷം വിദേശികൾക്ക് ലൈസൻസുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദിനാർ ശമ്പളവും ബിരുദവും രണ്ട് വർഷത്തെ താമസം എന്നീവയാണ് ഉപാധികൾ. ജോലി മാറ്റമോ മറ്റോ ആയ കാരണങ്ങളാൽ പരിധിക്ക് പുറത്താകുന്നവർ ലൈസൻസ് തിരിച്ചേൽപ്പിക്കേണ്ടതുണ്ട്.
Driving licenses of 66,854 expatriates were canceled in Kuwait