കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച; വിദേശിയേയും മക്കളെയും നാടുകടത്തും
കുടുംബത്തിന്റെ ഇഖാമ പുതുക്കരുതെന്ന് നിർദേശം
കുവൈത്തിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയ വിദേശിയേയും ആറ് മക്കളെയും ഈ അധ്യയന വർഷാവസാനത്തിന് ശേഷം നാടുകടത്താൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദ്ദേശം നൽകി.
കുടുംബ പ്രശ്‌നങ്ങൾ കാരണം ഈജിപ്ഷ്യൻ ദമ്പതികൾ കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതോടെ വീട്ടിൽ ഒറ്റപ്പെട്ട കുട്ടികൾ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസസ് റൂമിൽ വിളിച്ച് തങ്ങളെ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയെന്നും രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ലെന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ അധികൃതർ കുട്ടികൾക്ക് സംരക്ഷണമൊരുക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. ദമ്പതികൾക്കെതിരെ കുട്ടികളുടെ പരിചരണത്തിൽ വീഴ്ച വരുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ് നൽകിയ റിപ്പോർട്ട് പരിഗണിച്ച് കുടുംബത്തിന്റെ ഇഖാമ പുതുക്കരുതെന്ന് ശൈഖ് തലാൽ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.