മുൻ ഫുട്‌ബോൾ താരം ജുവാൻ പിസി കുവൈത്ത് ദേശീയ ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റു

ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ സന്തോഷവും ബഹുമാനവുമുണ്ടെന്ന് ജുവാൻ പിസി വാർത്താസമ്മേളനത്തിൽ പറഞ്ഞു

Update: 2024-08-19 09:59 GMT
Advertising

കുവൈത്ത് സിറ്റി: മുൻ ഫുട്ബോൾ താരം ജുവാൻ പിസി കുവൈത്ത് നാഷ്ണൽ ഫുട്‌ബോൾ ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റു. പിസിയുടെ നിയമനത്തോടെ കുവൈത്തിലെ ഫുട്‌ബോൾ മേഖല നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ കഴിയുമെന്ന് കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ (കെ.എഫ്.എ) അക്ടിങ് ചെയർമാൻ ഹായിഫ് അൽ മുത്തൈരി പറഞ്ഞു. പിസിയുടെ നേട്ടങ്ങളും റെക്കോഡുകളും എടുത്തുപറഞ്ഞാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കുവൈത്തി ഫുട്‌ബോൾ നിലവാരങ്ങൾക്കനുസരിച്ചുള്ള പ്രകടനം ഉറപ്പാക്കിക്കൊണ്ട് വെല്ലുവിളി നിറഞ്ഞ യോഗ്യതാ ഘട്ടത്തിലൂടെ ദേശീയ ടീമിനെ നയിക്കാൻ കെ.എഫ്.എ വ്യക്തവും നിശ്ചയ ദാർഢ്യമുള്ളതുമായ പദ്ധതി നടപ്പിലാക്കുകയാണെന്ന് അൽ മുതൈരി ഊന്നിപറഞ്ഞു.

ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ സന്തോഷവും ബഹുമാനവുമുണ്ടെന്ന് പിസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. താനും തന്റെ ടെക്‌നിക്കൽ സ്റ്റാഫും കഠിനാധ്വാനം ചെയ്യാനും കളിക്കാരുമായി തങ്ങളുടെ അനുഭവം പങ്കിടാനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ജോർദാനുമായുള്ള ലോകകപ്പ് യോഗ്യതമത്സരത്തിന് പത്തുദിവസം മുമ്പ് ഓഗസ്റ്റ് 24 ന് പരിശീലനം തുടങ്ങുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ഗൾഫ് മേഖലയിൽ പിസി നേരത്തെയും ചില ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2017 - 2019 കാലഘട്ടത്തിൽ സൗദി അറേബ്യ ദേശീയ ടീം, 2022-2023 അൽ വസൽ ക്ലബ് യു.എ.ഇ, 2023-2024 ബഹ്‌റൈൻ നാഷ്ണൽ ടീം എന്നിവയാണ് ഗൾഫ് മേഖലയിൽ അദ്ദേഹം പരിശീലിപ്പിച്ച് ടീമുകൾ. 2016 ൽ ചിലി ദേശീയ ടീമിനൊപ്പം കോപ്പ അമേരിക്കയും 2013-ൽ സാൻ ലോറെൻസോയുടെ മാനേജരായി അർജന്റീനിയൻ ലീഗ് കീരീടം തുടങ്ങിയ നേട്ടങ്ങളും അദ്ദേഹത്തിനുണ്ട്.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News