റസിഡൻസി പെർമിറ്റിനായി കൈക്കൂലി: കുവൈത്തിൽ നാലുപേർക്ക് അഞ്ച് വർഷം തടവും 4000 കുവൈത്തി ദിനാർ പിഴയും
10 റസിഡൻസി പെർമിറ്റുകൾക്ക് കൈക്കൂലി വാങ്ങിയത് 2,000 കുവൈത്തി ദിനാർ
കുവൈത്ത് സിറ്റി: റസിഡൻസി പെർമിറ്റ് അനുവദിക്കാനായി കൈക്കൂലി വാങ്ങിയ നാലുപേർക്ക് കുവൈത്തിൽ അഞ്ച് വർഷം തടവും 4000 കുവൈത്തി ദിനാർ പിഴയും. 10 റസിഡൻസി പെർമിറ്റുകൾക്ക് 2,000 കുവൈത്തി ദിനാർ കൈക്കൂലി വാങ്ങിയതിന് ഇൻസ്‌പെക്ടർ, കുവൈത്തി പൗരൻ, പ്രതിനിധി, മധ്യസ്ഥൻ എന്നിവർക്കാണ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചത്.
റസിഡൻസി പെർമിറ്റ് വാങ്ങാനെത്തിയ മൂന്ന് പ്രവാസികളെ കോടതി വെറുതെവിട്ടു. രഹസ്യാന്വേഷണ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പൗരന്റെ ഉടമസ്ഥതയിൽ ഒരു കമ്പനി സ്ഥാപിക്കാൻ തൊഴിലാളികളിൽ ഒരാളുമായി അവർ സമ്മതിച്ചതടക്കമുള്ള കൈക്കൂലി കാര്യങ്ങൾ ഓഡിയോയിലും വീഡിയോയിലും റെക്കോർഡുചെയ്തിരുന്നു. പൊതുമേഖലാ ജീവനക്കാരനായ പ്രതിക്കെതിരെ കൈക്കൂലി സ്വീകരിച്ചതിനും മറ്റ് പ്രതികൾക്കെതിരെ റെസിഡൻസി പെർമിറ്റുകൾ അനധികൃതമായി നേടിയെടുക്കാൻ ശ്രമിച്ചതിനുമാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്.