കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

പതിനായിരത്തിലധികം ലൈസന്‍സുകള്‍ റദ്ദാക്കി

Update: 2022-10-31 19:04 GMT
Advertising

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഗതാഗത വകുപ്പിന്‍റെ പരിശോധനയില്‍ വീഴ്‍ച്ച കണ്ടെത്തിയ പതിനായിരത്തിലധികം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി.  ലൈസന്‍സ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്  ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയത്.

ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്. വ്യക്തികൾ ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറിയില്ലെങ്കിൽ മൊബൈൽ ഐഡി, സഹേൽ എന്നി ആപ്ലിക്കേഷൻ വഴി ലൈസന്‍സുകള്‍ പിന്‍വലിക്കും . ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ പിടികൂടി നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നതോടെ ഇന്ത്യക്കാര്‍ അടക്കം ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകളാണ് റദ്ദാകുക. ഈ വര്‍ഷം അവസാനത്തോടെ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധന പൂര്‍ത്തിയാകുമെന്നാണ് ട്രാഫിക് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ കുറഞ്ഞത് 2 വർഷം കുവൈത്തിൽ ജോലി ചെയ്യുകയും 600 ദിനാർ ശമ്പളം വാങ്ങുകയും ചെയ്യുന്ന ബിരുദധാരിയായ അപേക്ഷകര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News