കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർധന
ആഗസ്റ്റ് മുതൽ സെപ്റ്റംബർ അവസാനം വരെയാണ് സ്ഥിരമായി ഉയർന്ന ഉപഭോഗം രേഖപ്പെടുത്താറുള്ളത്
കുവൈത്തിൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 15,010 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം കുവൈത്തിൽ ഉപയോഗിക്കപ്പെട്ടത്.വേനലിൽ ഉപഭോഗം വർധിക്കുമെന്ന് നേരത്തെ ജലം വൈദ്യുതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട്.
ആഗസ്റ്റ് മുതൽ സെപ്റ്റംബർ അവസാനം വരെയാണ് സ്ഥിരമായി ഉയർന്ന ഉപഭോഗം രേഖപ്പെടുത്താറുള്ളത്. കനത്ത ചൂടിൽ എയർകണ്ടീഷണറുകൾ കൂടുതലായി പ്രവർത്തിപ്പിക്കുന്നതാണ് ഉപഭോഗം ഉയരാൻ കാരണം.ഊർജം സംരക്ഷിക്കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം നടപടികൾ കൈക്കൊണ്ടതായി അധികൃതർ അറിയിച്ചു.
ഇന്ധനത്തിന്റെ ലഭ്യതയും താപനിലയും അനുസരിച്ച് 1500 മുതൽ 2000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കരുതൽ ഉണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രധാന സബ്സ്റ്റേഷനുകളായ ദോഹ,സൗത്ത് സബാഹ് അൽ സാലം എന്നീവടങ്ങളിലെ സാങ്കേതിക തകരാർ ഈ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സത്തിന് കാരണമായതായി അധികൃതർ അറിയിച്ചു.അതിനിടെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചതായും വൈദ്യുതി പുനഃസ്ഥാപിച്ചതായും മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.