കുവൈത്തിൽ ഭിന്നശേഷിക്കാരായ പൗരന്മാരെ പരിചരിക്കുന്നവർക്ക് 45 ദിവസത്തിലധികം രാജ്യം വിട്ടു നിൽക്കാനാവില്ല
സാമൂഹികകാര്യ മന്ത്രാലയമാണ് ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തിയത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിന്നശേഷിക്കാരായ പൗരന്മാരെ പരിചരിക്കുന്നവർക്ക് 45 ദിവസത്തിലധികം രാജ്യം വിട്ടു നിൽക്കുന്നതിന് നിയന്ത്രണം. സാമൂഹികകാര്യ മന്ത്രാലയമാണ് നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ ചികിത്സയുടെ ഭാഗമായി വിദേശത്ത് കഴിയുന്നതിന് പുതിയ തീരുമാനം ബാധകമല്ല. സാമൂഹിക, കുടുംബ-ശിശുക്ഷേമകാര്യ മന്ത്രി ഡോ. അംത്താൽ അൽ ഹുവൈലയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
നിർദ്ദേശമനുസരിച്ച്, ഭിന്നശേഷിക്കാരുടെ പരിചരണത്തിനായി നിയോഗിക്കപ്പെട്ട വ്യക്തികളും ഡ്രൈവർമാരും രാജ്യത്തിന് പുറത്ത് പോവുകയാണെങ്കിൽ 45 ദിവസത്തെ കാലാവധിക്കുള്ളിൽ തിരികെയെത്തുമെന്ന സത്യവാങ്മൂലം നൽകണം. ഇതോടപ്പം പോർട്ട് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള വാർഷിക സർട്ടിഫിക്കറ്റും, പാസ്പോർട്ടിന്റെയും റസിഡൻസ് പെർമിറ്റിന്റെയും പകർപ്പുകൾ എന്നിവയും സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ വ്യക്തമാക്കി.