കുവൈത്തിൽ കെട്ടിടങ്ങളെ ഫയർഫോഴ്‌സ് ഡിപ്പാർട്ട്മെന്റുമായി ബന്ധിപ്പിക്കുന്ന പദ്ധതി നിർബന്ധമാക്കുന്നു

അടുത്ത വർഷത്തിനുള്ളിൽ 50,000 കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ ഫയർഫോഴ്‌സ് സെൻട്രൽ റൂമുമായി ബന്ധിപ്പിക്കുമെന്ന് ജനറൽ ഫയർഫോഴ്സ് ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ് അറിയിച്ചു

Update: 2024-07-01 14:38 GMT
Advertising

കുവൈത്തിൽ കെട്ടിടങ്ങളെ ഫയർഫോഴ്‌സ് ഡിപ്പാർട്ട്മെന്റുമായി ബന്ധിപ്പിക്കുവാനുള്ള പദ്ധതി നിർബന്ധമാക്കുന്നു. പദ്ധതിയുടെ പ്രോജക്ട് സമർപ്പിക്കാൻ ഫയർഫോഴ്‌സ് നേരത്തെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അടുത്ത വർഷത്തിനുള്ളിൽ 50,000 കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ ഫയർഫോഴ്‌സ് സെൻട്രൽ റൂമുമായി ബന്ധിപ്പിക്കുമെന്ന് ജനറൽ ഫയർഫോഴ്സ് ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ് അറിയിച്ചു. പദ്ധതിയിലൂടെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സാമൂഹിക സുരക്ഷ കൈവരിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയതും പഴയതുമായ കെട്ടിടങ്ങൾ, ഫയർ അലാറം സംവിധാനങ്ങളില്ലാത്ത കെട്ടിടങ്ങൾ എന്നിങ്ങനെ തരം തിരിച്ചായിരിക്കും നടപ്പാക്കുക. ഇത് സംബന്ധമായ പഠനത്തിനായി മേഖലയിൽ ഇത്തരം സംവിധാനം വിജയകരമായി നടപ്പിലാക്കിയ യു.എ.ഇയിൽ ഫയർ ഫോഴ്സിന്റെ സാങ്കേതിക സംഘം ഉടൻ സന്ദർശിക്കുമെന്ന് ഖാലിദ് ഫഹദ് പറഞ്ഞു. വിമാനത്താവളം, ആശുപത്രികൾ, ഹോട്ടലുകൾ, വാണിജ്യ സമുച്ചയങ്ങൾ, കോടതികൾ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. അപകടങ്ങളോടും അടിയന്തര സാഹചര്യങ്ങളോടും ഇതുവഴി വേഗത്തിൽ പ്രതികരിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻറെ നിർദ്ദേശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഖാലിദ് ഫഹദ് പറഞ്ഞു. പ്രധാന അലാറം പാനലുമായി കെട്ടിടങ്ങളെ ബന്ധിപ്പിക്കും. തുടർന്ന് കെട്ടിടത്തിലെ തകരാർ കണ്ടെത്തി അതിന്റെ തരം നിർണ്ണയിക്കും. അപകടം ഉണ്ടാകുമ്പോൾ 120 സെക്കൻഡിനുള്ളിൽ അലേർട്ട് സിഗ്‌നൽ ജനറൽ ഫയർഫോഴ്സിന്റെ ഓപ്പറേഷൻ റൂമിലെത്തും. സ്വകാര്യ കെട്ടിടങ്ങളിൽ സ്ഥാപിക്കുന്ന സംവിധാനങ്ങൾ ഉടമകളുടെ ചെലവിലായിരിക്കുമെന്നും ഖാലിദ് ഫഹദ് പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News