ജനുവരി അഞ്ച് മുതൽ കുവൈത്തിലെ പിഴകളിൽ വർധന
സന്ദർശക വിസയിൽ വന്ന ശേഷമുള്ള ഓവർ സ്‌റ്റേയ്ക്ക് പ്രതിദിനം 10 ദിനാർ പിഴ
കുവൈത്ത് സിറ്റി: ജനുവരി അഞ്ച് മുതൽ താമസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സന്ദർശക വിസയിൽ വന്ന ശേഷമുള്ള ഓവർ സ്‌റ്റേയ്ക്ക് പ്രതിദിനം 10 ദിനാർ അടക്കമുള്ള വർധനവാണ് നടപ്പാക്കുന്നത്.
താൽക്കാലിക റെസിഡൻസി കാലാവധി കഴിഞ്ഞവർക്കും റെസിഡൻസി കാലാവധി കഴിഞ്ഞവരും രാജ്യം വിടാൻ വിസമ്മതിച്ചവരുമായ പ്രവാസികൾക്കും പുതിയ സംവിധാനം ബാധകമാണ്. മുമ്പത്തെ പരമാവധി പിഴയായ 600 ദിനാറിൽ നിന്ന് ഗണ്യമായ വർധനവാണ് പുതിയ പിഴകളിൽ കാണിക്കുന്നത്. ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ പിഴകൾ ഉൾപ്പെടുത്താനായി ആഭ്യന്തര മന്ത്രാലയം കമ്പ്യൂട്ടർ സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതുക്കിയ പിഴ ഘടന പ്രകാരം നിയമം ലംഘിച്ച റെസിഡൻസി ഉടമകൾക്ക് പരമാവധി 1,200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറും പിഴ ചുമത്തും. റെസിഡൻസി ചട്ടങ്ങൾ മികച്ച രീതിയിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കാനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നത്.
പുതിയ പിഴ ഘടനയുടെ പ്രധാന പോയിന്റുകൾ:
നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യാതിരുന്നാൽ:
- ആദ്യ മാസത്തേക്ക് 2 ദിനാർ (4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം)
- തുടർന്നുള്ള മാസങ്ങൾക്ക് 4 ദിനാർ
- പരമാവധി പിഴ: 2,000 ദിനാർ.
തൊഴിൽ വിസ ലംഘനങ്ങൾ:
- ആദ്യ മാസത്തേക്ക് 2 ദിനാർ (4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം)
- തുടർന്നുള്ള മാസങ്ങൾക്ക് 4 ദിനാർ
- പരമാവധി പിഴ: 1,200 ദിനാർ.
സന്ദർശന വിസ കാലാവധി കഴിഞ്ഞാൽ:
- പ്രതിദിനം 10 ദിനാർ
- പരമാവധി പിഴ: 2,000 ദിനാർ.
വീട്ടുജോലിക്കാരുടെ നിയമലംഘനം:
- താൽക്കാലിക റെസിഡൻസി അല്ലെങ്കിൽ പുറപ്പെടൽ നോട്ടീസ് ലംഘനങ്ങൾക്ക് പ്രതിദിനം 2 ദിനാർ
- പരമാവധി പിഴ: 600 ദിനാർ.
റെസിഡൻസി റദ്ദാക്കൽ (ആർട്ടിക്കിൾ 17, 18, 20):
- ആദ്യ മാസത്തേക്ക് പ്രതിദിനം 2 ദിനാർ
- അതിനുശേഷം പ്രതിദിനം 4 ദിനാർ
- പരമാവധി പിഴ: 1,200 ദിനാർ.