കുവൈത്തിലെ ഇന്ത്യക്കാർക്ക് ആവേശമായി ഇന്ത്യ -കുവൈത്ത് ലോകകപ്പ് യോഗ്യത മത്സരം

മലയാളികൾ അടക്കം കാൽ ലക്ഷത്തോളം ഇന്ത്യക്കാരാണ് മത്സരം കാണാൻ എത്തിയത്

Update: 2023-11-17 19:24 GMT
Advertising

കുവൈത്തിലെ ഇന്ത്യക്കാർക്ക് ആവേശമായി ഇന്ത്യ - കുവൈത്ത് ലോകകപ്പ് യോഗ്യത മത്സരം. മലയാളികൾ അടക്കം കാൽ ലക്ഷത്തോളം ഇന്ത്യക്കാരാണ് മത്സരം കാണാൻ എത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കുവൈത്തിനെ തോൽപ്പിച്ചിരുന്നു. ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ കുവൈത്തിനെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് മികച്ച തുടക്കം. വ്യാഴാഴ്ച രാത്രി ഇന്ത്യൻ ഫുട്ബാൾ ആരാധകർ കൂട്ടത്തോടെ ജാബിർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കളി തുടങ്ങുന്നതിനും മണിക്കൂറുകൾക്ക് മുമ്പേ തന്നെ ഇന്ത്യൻ ആരാധകർ ദേശീയ പതാകയുമായി സ്റ്റേഡിയം നിറഞ്ഞു. സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഹോം ഗ്രൗണ്ടിന് സമാനമായ അന്തരീക്ഷമാണ് ഒരുക്കിയത്. ഇന്ത്യൻ കളിക്കാരുടെ ഓരോ നീക്കത്തിലും പിന്തുണയുമായി സ്റ്റേഡിയം ആർത്തുവിളിച്ചു.

ഫാൻ ക്ലബ്ബ് ആയ മഞ്ഞപ്പടയുടെ കുവൈത്ത് വിങ്ങ് മത്സരം കാണാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യൻ ഫുട്ബാൾ ആരാധകരെയും സ്റ്റേഡിയത്തിൽ എത്തിക്കുന്നതിന് ടിക്കറ്റ് ബുക്കിംഗ് മുതൽ വാഹന സൗകര്യം വരെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജേഴ്‌സിയും പതാകയുമായി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ നിറഞ്ഞ പിന്തുണയാണ് നൽകിയത്. 75ാം മിനുറ്റിൽ മൻവീർ സിംഗിലൂടെ ഇന്ത്യ ഗോൾ മുഖം തുറന്നപ്പോൾ സ്റ്റേഡിയം ഇളകിമറിഞ്ഞു. ബോക്‌സിന് നടുക്ക് നിന്നുള്ള മൻവീറിന്റെ ഇടംകാലൻ ഷോട്ട് തടയാൻ കുവൈത്ത് ഗോൾ കീപ്പർക്ക് സാധിച്ചില്ല. പിന്നീടുള്ള നിമിഷങ്ങളിൽ സമനില ഗോളിനായി കുവൈത്ത് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. ആദ്യ ജയം നേടിതോടെ നാലുരാജ്യങ്ങളുള്ള ഗ്രൂപ്പിൽ നിലവിൽ ഖത്തർ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഇന്ത്യയുടെ അടുത്ത മത്സരം ഖത്തറുമായാണ്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News