ഏഷ്യൻ അണ്ടർ 18 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണം; ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് മലയാളികളും
35 അംഗ ഇന്ത്യൻ അത്‌ലറ്റിക്സ് ടീമാണ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്നത്
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന നാലാമത് ഏഷ്യൻ അണ്ടർ 18 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യ മുന്നേറുന്നു. രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പടെ പതിനൊന്ന് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. 35 അംഗ ഇന്ത്യൻ അത്‌ലറ്റിക്സ് ടീമാണ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മൂന്ന് മലയാളികളും പങ്കെടുക്കുന്നുണ്ട്. ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആകാശ് യാദവും 1500 മീറ്ററില്‍ അമിത് ചൗധരി ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണം കരസ്ഥമാക്കി. പെൺകുട്ടികളുടെ ലോങ് ജംപിൽ ലക്ഷദീപ് സ്വദേശിയായ മുബസ്സിന മുഹമ്മദും, പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സബിത തോപ്പോയും, 400 മീറ്ററിൽ ഇഷ രാജേഷും, ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ അര്‍ജുനും വെള്ളിമെഡൽ നേടി.
ഷോട്ട്പുട്ടിൽ സിദ്ധാർഥ് ചൗധരിയും 400 മീറ്ററിൽ അനുഷ്ക ദത്താത്രേവ് കുംബയും, ഡിസ്കസ് ത്രോയില്‍ നികിത കുമാരിയും, ജാവലിന്‍ ത്രോയില്‍ ഹിമാന്‍ശു മിത്രയും, പോള്‍വാള്‍ട്ടില്‍ കുല്‍ദീപ് കുമാറും വെങ്കല മെഡൽ നേടി.
ഏറെ പ്രതീക്ഷയുണ്ടായിരുന്ന മലയാളി താരം അഭിരാം 400 മീറ്ററില്‍ മത്സരിച്ചെങ്കിലും മികവ് പുലര്‍ത്താനായില്ല. കാസർകോട് സ്വദേശി സർവൻ ഡിസ്കസ് ത്രോയിലും ആലപ്പുഴ സ്വദേശി ആഷ്ലിൻ അലക്സാണ്ടർ മെഡ്ലേ റിലേയിൽ പങ്കെടുക്കും. നാല് ദിവസമായി നടക്കുന്ന മത്സരങ്ങള്‍ നാളെയാണ് സമാപിക്കുക.