ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസ്സി

Update: 2023-09-26 02:53 GMT
Advertising

കുവൈത്തിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസ്സി. തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണമെന്നും അപകടകരമായ ജോലി ചെയ്യുവാന്‍ തൊഴിലാളിയെ നിർബന്ധിക്കരുതെന്നും എംബസ്സി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.

ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ തൊഴില്‍ നിയമങ്ങള്‍ വ്യക്തമാക്കി എംബസ്സി വാര്‍ത്താക്കുറിപ്പ്‌ ഇറക്കിയത്.

വീട്ട് ജോലിക്കാര്‍ക്ക് അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ തൊഴില്‍ കരാര്‍ നിര്‍ബന്ധമാണെന്നും , പ്രതിമാസ വേതനം കുവൈത്ത് അധികൃതര്‍ നിശ്ചയിച്ച ശമ്പളത്തില്‍ കുറയുവാന്‍ പാടില്ലെന്നും എംബസി അറിയിച്ചു.

നിലവില്‍ 120 കുവൈത്ത് ദിനാര്‍ ആണ് കുറഞ്ഞ പ്രതിമാസ വേതനം. തൊഴിലുടമ ജോലി ചെയ്യുവാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും , തൊഴിലാളിക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം , പാര്‍പ്പിടം എന്നീവ നല്‍കണമെന്നും എംബസ്സി വ്യക്തമാക്കി.

ഗാര്‍ഹിക തൊഴിലാളിക്ക് ആഴ്ചയില്‍ ഒരു ദിവസം വിശ്രമവും വര്‍ഷത്തില്‍ സാലറിയോട് കൂടിയ വാർഷിക അവധിയും നല്‍കണം.

പരമാവധി ജോലി സമയം 12 മണിക്കൂറില്‍ കൂടരുതെന്നും തൊഴിലാളിയുടെ സമ്മതം കൂടാതെ പാസ്‌പോർട്ട് - സിവിൽ ഐഡി എന്നിവ തൊഴിലുടമ കൈവശം വെക്കരുതെന്നും എംബസ്സി അറിയിച്ചു.

ജോലിയിൽ ചേർന്ന തീയതി മുതൽ ഓരോ മാസാവസാനത്തിലും സാലറി നല്‍കണം. ശമ്പളം വൈകുന്ന ഘട്ടത്തില്‍ കാലതാമസം വന്ന ഓരോ മാസത്തിനും 10 ദിനാർ വീതം തൊഴിലുടമ തൊഴിലാളിക്ക് അധികം നൽകണമെന്നും എംബസ്സി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News