കോവിഡ് ബാധിതർ അഞ്ചു ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം: കുവൈത്ത് ആരോഗ്യ മന്ത്രാലയം
കഴിഞ്ഞ ദിവസം മാത്രം 1500 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്
കുവൈത്തിൽ കോവിഡ് ബാധിതർ അഞ്ചു ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം . നിരീക്ഷണകാലം കഴിഞ്ഞുള്ള അഞ്ചു ദിവസം മാസ്‌ക് ധരിക്കലും നിർബന്ധമാക്കി. ഹോം ക്വാറന്റൈൻ നിരീക്ഷിക്കാനും ഫോളോ അപ്പും ഇമ്മ്യൂൺ ആപ്പ് വഴി നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ വ്യാപനം തടയാൻ രോഗബാധിതർക്ക് അഞ്ചു ദിവസത്തെ ഗാർഹിക നിരീക്ഷണം നിർബന്ധമാക്കിയത്. ഐസൊലേഷൻ പൂർത്തിയാക്കിയാൽ അടുത്ത അഞ്ചു ദിവസങ്ങളിൽ മാസ്‌ക് ധരിക്കലും നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ശ്ലോനിക് ആപ്പ് വഴി നടത്തിയിരുന്ന കോവിഡ് രോഗികളുടെ നിരീക്ഷണവും ഫോളോ അപ്പും ഇമ്മ്യൂൺ ആപ്പ് വഴി ആക്കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുടെ ഇമ്മ്യൂൺ ആപ്പിലെ സ്റ്റാറ്റസ് ചുവപ്പായി മാറും. പ്രതിദിന കേസുകൾ ആയിരത്തിനു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികൾ കടുപ്പിക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം മാത്രം 1500 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണം റിപ്പോർട്ട് ചെയ്യുന്നില്ലെന്നതും രോഗബാധിതരിൽ ഭൂരിഭാഗത്തിനും ഗുരുതരാവസ്ഥയില്ലെന്നതും ആശ്വാസമാണ്. കോവിഡുമായി ബന്ധപ്പെട്ട് ആഗോളസംഭവ വികാസങ്ങൾ കുവൈത്ത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടനയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കോവിഡ് മുൻ തരംഗങ്ങളിലേതു പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ജാഗ്രതയും മുൻകരുതലും പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു